കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്; പി കെ ബിജുവിന്റെ സാമ്പത്തിക ഇടപാടുകളിൽ പരിശോധന, കുരുക്ക് മുറുക്കി ഇഡി

കരുവന്നൂർ ബാങ്ക് തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് സിപിഎം നേതാവും മുൻ                 എംപിയുമായ പി കെ ബിജുവിന് കുരുക്കു മുറുക്കി ഇഡി. കേസിലെ മുഖ്യപ്രതി സതീഷ് കുമാറും പി കെ ബിജുവുമായി സാമ്പത്തിക ഇടപാട് നടന്നുവോ എന്ന കാര്യത്തിൽ പരിശോധകൾ നടത്തിവരുകയാണ്. ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് ബിജുവിന് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ഉടൻ നോട്ടീസ് അയക്കും എന്നാണ് വിവരം. അതേ സമയം ബിജുവുമായി അടുത്ത ബന്ധമുണ്ടെന്ന് മുൻ എംഎൽഎ അനിൽ അക്കരയുടെ ആരോപണം ബിജു നിഷേധിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം, മുൻ മന്ത്രി എ സി മൊയ്തീനെ ഇഡി ഒൻപത് മണിക്കൂർ ചോദ്യം ചെയ്തിരുന്നു. മൊഴിയുടെ വിശദാംശങ്ങൾ പരിശോധിച്ച ശേഷമാകും വീണ്ടു നോട്ടീസ് നൽകണമോ എന്ന് തീരുമാനിക്കുക. ഇഡി ഉദ്യോഗസ്ഥരുടെ എല്ലാ ചോദ്യങ്ങൾക്കും ഉത്തരം നൽകിയെന്ന് എസി മൊയ്‌തീൻ പ്രതികരിച്ചു. ഇഡി ആവശ്യപ്പെട്ട എല്ലാ രേഖകളും ഹാജരാക്കിയെന്നും വീണ്ടും വിളിപ്പിച്ചിട്ടില്ലെന്നും പറഞ്ഞ മൊയ്തീൻ, ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടാൽ ഇനിയും ഹാജരാകുമെന്നും വ്യക്തമാക്കി.

150 കോടി രൂപയുടെ കരുവന്നൂർ ബാങ്ക് തട്ടിപ്പിന് ഒരു രാഷ്ട്രീയ പാർട്ടിയുടെ  ജില്ലാ നേതാക്കളടക്കം കൂട്ട് നിന്നെന്നാണ് ഇഡി വ്യക്തമാക്കുന്നത്. കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ 15 കോടിയുടെ സ്വത്ത് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയിരുന്നു. റെയ്ഡിൽ 36 ഇടങ്ങളിലെ സ്വത്ത് കണ്ടെത്തി.

എ സി മൊയ്തീൻ, പി പി കിരൺ, സി എം റഹീം, എം കെ ഷൈജു, പി സതീഷ് കുമാർ എന്നിവരുടെ വസ്തുക്കളിലാണ് റെയ്ഡ് നടന്നത് ബാങ്ക് വഴി അനുവദിച്ച കോടികളുടെ ബിനാമി ലോണുകൾക്ക് പിന്നിൽ എസി മൊയ്തീൻ എന്നാണ് എൻഫോസ്‌മെന്റ് ഡയറക്ടറേറ്റിന്റെ കണ്ടെത്തൽ. ബാങ്ക് അംഗങ്ങൾ അല്ലാത്തവർക്കാണ് ലോൺ അനുവദിച്ചത്.പാവപ്പെട്ടവരുടെ ഭൂമി അവരെ അറിയാതെ ബാങ്കിൽ പണയപ്പെടുത്തി. ലോൺ നേടിയത് ഈ രേഖയുടെ അടിസ്ഥാനത്തിൽ ആണെന്നും ഇ.ഡി കണ്ടെത്തിയിരുന്നു.