ലൈഫ് മിഷന്‍ അഴിമതിയില്‍ മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയെ ചോദ്യം ചെയ്യാന്‍ ഇ.ഡി; സി.എം രവീന്ദ്രന് സമന്‍സ് കൈമാറി; സര്‍ക്കാര്‍ പ്രതിരോധത്തില്‍

മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വീണ്ടും ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ഹാജരാകാനുള്ള സമന്‍സ് രവീന്ദ്രന് ഇഡി കൈമാറി. ലൈഫ് മിഷന്‍ കോഴക്കേസിലാണ് ഇഡി ചോദ്യം ചെയ്യുന്നത്.

കഴിഞ്ഞ ദിവസങ്ങളില്‍ സ്വപ്‌ന സുരേഷിനെയും ശിവശങ്കരനെയും ചോദ്യം ചെയ്യലിന്റെ തുടര്‍ച്ചയായാണ് സി.എം രവീന്ദ്രനെയും ഇഡി ചോദ്യം ചെയ്യുന്നത്. കൊച്ചി ഓഫീസില്‍ 27ന് ഹാജരാകാനാണ് ഇഡി നിര്‍ദേശിച്ചിരിക്കുന്നത്.

രവീന്ദ്രന്‍ നടത്തിയ വിദേശയാത്രകള്‍ സംബന്ധിച്ച് കൂടുതല്‍ വ്യക്തത വേണമെന്ന് നേരത്തെ ഇഡി ആവശ്യപ്പെട്ടിരുന്നു. നേരത്തെ സി.എം രവീന്ദ്രനെ ചോദ്യം ചെയ്തതിന് പിന്നാലെ ഊരാളുങ്കല്‍ സൊസൈറ്റിയുമായി നടത്തിയ കരാര്‍ ഇടപാടുകളുടെ രേഖകളും ഹാജരാക്കാന്‍ ഇഡി ആവശ്യപ്പെട്ടിരുന്നു. തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസിലും സി.എം രവീന്ദ്രനെ ഇഡി ചോദ്യം ചെയ്തിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിലെ പ്രമുഖനായ സി.എം രവീന്ദ്രന്‍ രണ്ടാമത്തെ തട്ടിപ്പ് കേസിലും ആരോപണ വിധേയനായതോടെ സര്‍ക്കാര്‍ പ്രതിരോധത്തിലായിട്ടുണ്ട്.