കിഫ്‌ബിയ്ക്ക് എതിരെ ഇ.ഡിയുടെ കേസ്, ബി.ജെ.പി - സി.പി.എം അന്തർധാരയുടെ തെളിവ്: രമേശ് ചെന്നിത്തല

ബി.ജെ.പി – സി.പി.എം അന്തർധാരയുടെ തെളിവാണ് തിരഞ്ഞെടുപ്പ് വിജ്ഞാപനം പ്രഖ്യാപിച്ച ശേഷം കിഫ്‌ബിയ്ക്കെതിരെ കേസ് എടുക്കാനുള്ള എൻഫോഴ്‌സ്മെന്റ് തീരുമാനമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മസാല ബോണ്ട്‌ വഴി കിഫ്‌ബി വിദേശത്തു നിന്നും പണം സമാഹരിച്ചത് ഭരണഘടനാ ലംഘനമാണ് എന്ന് 2019ൽ തന്നെ കോൺഗ്രസ്‌ നിയമസഭയ്ക്കകത്തും പുറത്തും ചൂണ്ടി കാണിച്ചിട്ടുള്ളതാണ്. അന്നൊന്നും അനങ്ങാതിരുന്ന ഇ.ഡി തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു കഴിഞ്ഞ് കേസ് എടുക്കുകയും, ചോദ്യംചെയ്യലിന് നോട്ടീസ് നൽകുകയും ചെയ്തത് ദുരുദ്ദേശപരമാണെന്നും ചെന്നിത്തല പറഞ്ഞു.

രമേശ് ചെന്നിത്തലയുടെ പ്രസ്താവന:

കേരളത്തിൽ വളർന്നു വരുന്ന ബി.ജെ.പി – സി.പി.എം അന്തർധാരയുടെ തെളിവാണ് തിരഞ്ഞെടുപ്പ് വിജ്ഞാപനം പ്രഖ്യാപിച്ച ശേഷം കിഫ്‌ബിയ്ക്കെതിരെ കേസ് എടുക്കാനുള്ള എൻഫോഴ്‌സ്മെന്റ് തീരുമാനം. മസാല ബോണ്ട്‌ വഴി കിഫ്‌ബി വിദേശത്തു നിന്നും പണം സമാഹരിച്ചത് ഭരണഘടനാ ലംഘനമാണ് എന്ന് 2019ൽ തന്നെ കോൺഗ്രസ്‌ നിയമസഭയ്ക്കകത്തും പുറത്തും ചൂണ്ടി കാണിച്ചിട്ടുള്ളതാണ്. അന്നൊന്നും അനങ്ങാതിരുന്ന ഇ.ഡി തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു കഴിഞ്ഞ് കേസ് എടുക്കുകയും, ചോദ്യം ചെയ്യലിന് നോട്ടീസ് നൽകുകയും ചെയ്തത് ദുരുദ്ദേശപരമാണ്.

ഇതാ സംസ്ഥാനത്തിന്റെ വികസന പ്രവർത്തനങ്ങളെ അട്ടിമറിക്കാൻ പോകുന്നു എന്ന നിലവിളി കൂട്ടാൻ ഇടതുപക്ഷത്തിന് അവസരം നൽകുക എന്നത് മാത്രമാണ് ഇ.ഡി യുടെ ഈ നീക്കത്തിനു പിന്നിൽ. സ്വർണ കള്ളക്കടത്ത്, ലൈഫ് മിഷൻ അഴിമതി തുടങ്ങിയ ഗുരുതരമായ കേസുകളിലെ അന്വേഷണം ഇഴഞ്ഞു നീങ്ങുന്നതും കിഫ്‌ബിയ്ക്കെതിരെയുള്ള ഇപ്പോഴത്തെ അന്വേഷണ നാടകവും ചേർത്തു വായിച്ചാൽ സി.പി.എം – ബി.ജെ.പി അവിശുദ്ധ ബാന്ധവമാണ് ഇതിന് പിന്നിൽ എന്ന് വ്യക്തമാകും.

ഇടതുമുന്നണിയെ പോലെ ഭരണത്തിൽ വരുമ്പോൾ മാത്രം വികസനത്തെ പറ്റി പറയുന്നതല്ല യു.ഡി.എഫ് നയം. വികസനം അനിവാര്യമാണ്. വികസനത്തെയല്ല അതിന്റെ മറവിൽ നടക്കുന്ന ഭരണഘടനാ വിരുദ്ധമായ കൊള്ളയെയാണ് യു.ഡി. എഫ് എതിർക്കുന്നത്. 9.732 ശതമാനം എന്ന കൊള്ള പലിശയ്ക്കാണ് ലാവ്‌ലിന്റെ അനുബന്ധ കമ്പനിയായ സി.ഡി.പി.ക്യു വിൽ നിന്ന് സർക്കാർ 2150 കോടി രൂപ വാങ്ങിയത്. ഇതിലും കുറഞ്ഞ പലിശയിൽ നാട്ടിൽ വായ്‌പ ലഭ്യമായിട്ടും നടത്തിയ ഈ നിഗൂഢമായ ഇടപാടിനെ കോൺഗ്രസ്‌ അന്നേ ചോദ്യം ചെയ്തതാണ്. ലണ്ടൻ ഓഹരി വിപണിയിൽ മുഖ്യമന്ത്രി പോയി വിപണനം ആരംഭിക്കുന്നതിന് മുൻപേ ഈ മസാല ബോണ്ടുകളുടെ വിൽപന നടന്നിരുന്നു എന്നും പ്രതിപക്ഷം അന്ന് ചൂണ്ടിക്കാണിച്ചതാണ്.

തോമസ് ഐസക് നടത്തിയ വെല്ലുവിളി ഒരു തമാശ മാത്രമാണ്. സംയുക്തമായി തയ്യാറാക്കിയ തിരക്കഥയ്ക്കനുസരിച്ച് സുരക്ഷിതമായി ഇരുന്നു കൊണ്ട് വെല്ലുവിളി നടത്തുന്നത് പരിഹാസ്യമാണ്.

ശ്രീഎമ്മിന് കേരളത്തിൽ നാലേക്കർ സർക്കാർ ഭൂമി നൽകാനുള്ള തീരുമാനവും നിഗൂഢമാണ്. പുറത്തു വരുന്ന വാർത്തകൾ അനുസരിച്ച് സി.പി.എം – ആർ.എസ്.എസ് ബന്ധത്തിന്റെ ഇടനിലക്കാരനാണ് ശ്രീ എം. ഈ വാർത്തകൾ സി.പി.എം കേന്ദ്രങ്ങൾ തന്നെ സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. അതിനുള്ള ഉപകാരസ്മരണയാണോ ഈ ഭൂമിദാനം എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം.

കാലങ്ങളായി ഇവിടെ പ്രവർത്തിക്കുന്നതോ സമൂഹത്തിനു കാര്യമായ സംഭാവനകൾ നൽകിയിട്ടുള്ളതോ അല്ലാത്ത സ്ഥാപനങ്ങൾക്ക് ഇത്രയും സ്ഥലം നൽകുന്നത് കേട്ടു കേൾവി പോലും ഇല്ലാത്തതാണ്. ആർ. എസ്.എസും – സി.പി. എമ്മുമായി ഇത്തരം ഒരു രഹസ്യ ചർച്ച നടന്നിട്ടുണ്ടോ എന്ന് മുഖ്യമന്ത്രി വ്യക്തമക്കണം. സി.പി.എം – ആർ.എസ്. എസ് ബന്ധത്തെപ്പറ്റിയുള്ള ഞങ്ങളുടെ ആരോപണങ്ങൾ ഇതുവരെ സി.പി.എം നിഷേധിചിട്ടില്ല. കേരളത്തിൽ വളർന്നു വരുന്നത് ഒരു അവിശുദ്ധ കൂട്ടുകെട്ടാണ്. ഈ തിരഞ്ഞെടുപ്പ് കാലത്ത് അപകടകരമായ ഈ കൂട്ടുകെട്ടിനെതിരെ കേരളത്തിലെ ജനങ്ങൾ ജാഗ്രത പാലിക്കണം.