'സുരക്ഷ പിന്‍വലിച്ചാന്‍ നാവടക്കില്ല'; സര്‍ക്കാര്‍ തീരുമാനം പ്രതികാര നടപടിയെന്ന് ജസ്റ്റിസ് കെമാല്‍ പാഷ

സുരക്ഷ പിന്‍വലിച്ചതിന് പിന്നാലെ സര്‍ക്കാറിനെതിരെ ജസ്റ്റിസ് കെമാല്‍ പാഷ രംഗത്ത്. വിരമിച്ച ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കെമാല്‍ പാഷയുടെ നാലു പൊലീസുകാരെ ഇന്ന് ഉച്ചയോടെ തിരിച്ചുവിളിച്ചിരുന്നു.

ആഭ്യന്തര സെക്രട്ടറി അധ്യക്ഷനായ സുരക്ഷാ അവലോകന സമിതിയാണ് കെമാല്‍ പാഷയ്ക്കുള്ള സുരക്ഷ പിന്‍വലിക്കാന്‍ തീരുമാനിച്ചത്. കനകമല തീവ്രവാദ കേസില്‍ അറസ്റ്റിലായവരില്‍ നിന്നടക്കം ജസ്റ്റിസ് കെമാല്‍ പാഷയ്ക്ക് ഭീഷണിയുണ്ടായിരുന്നു.

സര്‍ക്കാര്‍ നിലപാടുകളെ വിമര്‍ശിച്ചതിലുള്ള പ്രതികാര നടപടിയുടെ ഭാഗമായാണ് സുരക്ഷ പിന്‍വലിച്ചതെന്ന് ജസ്റ്റിസ് കെമാല്‍ പാഷ ആരോപിച്ചു. ഇത്തരം നടപടികള്‍ കൊണ്ടൊന്നും ഒതുക്കാമെന്നോ നാവടക്കാമെന്നോ കരുതേണ്ടെന്നും ശബ്ദമില്ലാത്തവരുടെ നാവായി ഇനിയും തുടരുമെന്നും അദ്ദേഹം പറഞ്ഞു. വാളയാര്‍, മാവോയിസ്റ്റ്, യു.എ.പി.എ തുടങ്ങിയ വിഷയങ്ങളില്‍ ജസ്റ്റിസ് കെമാല്‍ പാഷ സര്‍ക്കാരിനെതിരെ നിലപാട് സ്വീകരിച്ചിരുന്നു.