കിഴക്കമ്പലം സംഘര്‍ഷം; പത്ത് പേരെ ഇന്ന് കോടതിയില്‍ ഹാജരാക്കും

കിഴക്കമ്പലം സംഘര്‍ഷം ഇന്നലെ അറസ്റ്റിലായ പത്ത് പേരെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഇതുവരെ 174 തൊഴിലാളികളാണ് സംഭവത്തില്‍ പിടിയിലായത്. സിസിടിവി ദൃശ്യങ്ങളും തൊഴിലാളികള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ ദൃശ്യങ്ങളും പരിശോധിച്ചതില്‍ നിന്നാണ് ഇന്നലെ പത്ത് പേര്‍ കൂടി പിടിയിലായത്. ഇവരുടെ ഫോണിലെ ദൃശ്യങ്ങൾ പൊലീസ് വിശദമായി പരിശോധിച്ച് വരികയാണ്. ഫോണില്‍ നിന്ന് നീക്കം ചെയ്ത ദൃശ്യങ്ങള്‍ വീണ്ടെടുക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്.

അതിഥി തൊഴിലാളികളുടെ സമൂഹ മാധ്യമങ്ങളിലൂടെയുള്ള ഇടപെടലുകളും പൊലീസ് നിരീക്ഷിക്കും. ഡി.ജി.പി വിളിച്ച ഉന്നതതല യോഗത്തിലെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് നടപടി.
പെരുമ്പാവൂര്‍ എ.എസ്.പി അനൂജ് പലിവാലിന്റെ നേതൃത്വത്തില്‍ രണ്ട് ഇന്‍സ്പക്ടര്‍മാരും ഏഴു സബ് ഇന്‍സ്പക്ടര്‍മാരുടമടങ്ങിയ 19 അംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്. സംഘര്‍ഷത്തിന്റെ യഥാര്‍ത്ഥ കാരണം എന്താണെന്ന് പ്രത്യേക അന്വേഷണസംഘം കണ്ടെത്തും. പ്രതികള്‍ ഏതൊക്കെ ലഹരിവസ്തുക്കള്‍ ഉപയോഗിച്ചു എന്നും അന്വേഷിക്കും. പ്രധാന പ്രതികളുടെ ക്രിമിനല്‍ പശ്ചാത്തലവും പൊലീസ് അന്വേഷിച്ച് വരികയാണ്.

സംഭവത്തില്‍ തൊഴില്‍വകുപ്പും നടപടികള്‍ ആരംഭിച്ചു. കിറ്റെക്‌സ് തൊഴിലാളി ക്യാമ്പുകളില്‍ തൊഴില്‍ വകുപ്പ് ഇന്ന് പരിശോധന നടത്തും. കിഴക്കമ്പലം സംഘര്‍ഷത്തിന്റെ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ലേബര്‍ കമ്മീഷനോട് തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി ഇന്നലെ ആവശ്യപ്പെട്ടിരുന്നു. പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ തൊഴിലാളികള്‍ ലഹരി ഉപയോഗിച്ചതായി പരാമര്‍ശമുണ്ടെന്നും മന്ത്രി പറഞ്ഞിരുന്നു. ക്യാമ്പുകളില്‍ ലഹരി ഉപയോഗം നിയന്ത്രിക്കുന്നതിനും തൊഴില്‍ നിയമങ്ങള്‍ പാലിക്കുന്നതിനും മാനേജ്മെന്റ് എടുത്ത നടപടികളും അന്വേഷണത്തില്‍ പരിശോധിക്കും.