തലസ്ഥാനത്തിന്റെ തലയ്ക്ക് മുകളിലൂടെ മെട്രോ; തിരഞ്ഞെടുപ്പിനു മുന്‍പ് കേന്ദ്രം അനുമതി നല്‍കിയേക്കും; ലൈറ്റ് മെട്രോ നിര്‍ദേശിച്ച് മെട്രോമാന്‍; തിരുവനന്തപുരം തിളങ്ങും

തലസ്ഥാന നഗരമായ തിരുവനന്തപുരത്തും മെട്രോ റെയില സംവിധാനം വരുന്നു.
മെട്രോ ലൈനിന്റെ അന്തിമ ഡിപിആര്‍ ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്‍ (ഡിഎംആര്‍സി) ഈ മാസം തന്നെ സമര്‍പ്പിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. റിപ്പോര്‍ട്ട് സമര്‍പ്പിച്ചാലുടന്‍ അനുമതി നല്‍കുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുന്നത്.

ചിപ്പോള്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്‍പ് കേന്ദ്ര സര്‍ക്കാരിന്റെ അനുമതി നേടാന്‍ കഴിഞ്ഞേക്കും. കേന്ദ്ര സര്‍ക്കാരിനും സംസ്ഥാന സര്‍ക്കാരിനും ഒരുപോലെ താല്‍പര്യമുള്ള പദ്ധതി ആയതു കൊണ്ട് അനുമതിക്കും നിര്‍മാണം തുടങ്ങുന്നതിനും വലിയ കാലതാമസം ഉണ്ടാകില്ല.

കൊച്ചി മാതൃകയിലുള്ള മെട്രോ റെയില്‍ സംവിധാനം തന്നെ തിരുവനന്തപുരത്തും ഏര്‍പ്പെടുത്താമെന്നാണ് നിര്‍മാണ ചുമതലയുള്ള കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ (കെഎംആര്‍എല്‍) നിര്‍ദേശം. കഴിഞ്ഞ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്താണ് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെഎംആര്‍എല്‍) മാതൃകയില്‍ തിരുവനന്തപുരത്തും കോഴിക്കോട്ടും മെട്രോ നടപ്പാക്കാന്‍ കേരള റാപിഡ് ട്രാന്‍സിറ്റ് കോര്‍പറേഷന്‍ ലിമിറ്റഡ് (കെആര്‍ടിഎല്‍) രൂപീകരിച്ചത്. ഡിഎംആര്‍സി 2014 ല്‍ ആദ്യത്തെ വിശദ പദ്ധതി രേഖ (ഡിപിആര്‍) സംസ്ഥാനത്തിനു നല്‍കി.

പദ്ധതി വൈകിയതോടെ മാറിയ സാഹചര്യം വിലയിരുത്തി പുതിയ ഡിപിആര്‍ തയാറാക്കാന്‍ കേന്ദ്രം ആവശ്യപ്പെട്ടതോടെ 2021 ല്‍ പുതുക്കിയ ഡിപിആറും ഡിഎംആര്‍സി നല്‍കി.

ഡിപിആര്‍ സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ചാല്‍ കേന്ദ്രത്തിന്റെ അനുമതി തേടണം. ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനു മുന്‍പ് ഇതെല്ലാം നടന്നാല്‍ മറ്റു പ്രവര്‍ത്തനങ്ങളെ ബാധിക്കില്ല. അല്ലെങ്കില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പു കഴിയുന്നതു വരെ തലസ്ഥാന നഗരിക്ക് കാത്തിരിക്കേണ്ടി വരും.

എന്നാല്‍, തിരുവനന്തപുരത്തിന് അനുയോജ്യം ലൈറ്റ് മെട്രോയാണെന്നാണ് ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ മുന്‍ മേധാവി ഇ. ശ്രീധരന്‍ പറയുന്നത്.

കൊച്ചിയുടെ മാതൃകയിലുള്ള മെട്രോ തന്നെ തിരുവനന്തപുരത്തും നിര്‍മിക്കാമെന്ന നിര്‍ദേശം കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് നല്‍കിയിരിക്കുന്നത്. എന്നാല്‍,
തിരുവനന്തപുരത്തിന്റെ പ്രത്യേക ഗതാഗത സാഹചര്യങ്ങള്‍ വിലയിരുത്തിയാണ് ലൈറ്റ് മെട്രോ നിര്‍ദേശിച്ചതെന്ന് ശ്രീധരന്‍ പറയുന്നു. ലൈറ്റ് മെട്രോ ആണെങ്കില്‍ ചെലവില്‍ വളരെ കുറവ് വരും. സാധാരണ മെട്രോയുടെ നിര്‍മാണച്ചെലവിനെക്കാള്‍ 20 മുതല്‍ 25 ശതമാനം വരെ കുറവു മതി ലൈറ്റ് മെട്രോയ്ക്ക്. ഭൂമി ഏറ്റെടുക്കലും വളരെ കുറയുമെന്നും ഇ. ശ്രീധരന്‍ പറയുന്നു.