വന്ദേഭാരത്; കേരളത്തില്‍ പ്രായോഗികമല്ല, വിഡ്ഢിത്തമെന്ന് മെട്രോമാന്‍

വന്ദേഭാരത് ട്രെയിന്‍ കേരളത്തില്‍ പ്രായോഗികമല്ലെന്ന് മെട്രോ റെയില്‍ കോര്‍പറേഷന്‍ മുന്‍ എംഡി ഇ ശ്രീധരന്‍. 160 കിലോമീറ്റര്‍ വേഗതയില്‍ പോകാന്‍ ശേഷിയുള്ളതാണ് വന്ദേഭാരത് ട്രെയിനുകള്‍. കേരളത്തില്‍ നിലവിലുള്ള ട്രാക്കുകള്‍ വെച്ച് ശരാശരി 90 കിലോമീറ്റര്‍ വേഗതയേ വന്ദേഭാരതിന് ലഭിക്കുകയുള്ളൂവെന്നും ഇത് തികച്ചും മണ്ടത്തരമാണെന്ന് ശ്രീധരന്‍ പറഞ്ഞു.

നിലവില്‍ ട്രാക്കുകളില്‍ പരമാവധി 100 കിലോമീറ്റര്‍ വേഗതയാണ് പറയുന്നത്. എന്നാല്‍ 90 മാത്രമേ ലഭിക്കുകയുള്ളൂയെന്നും ശ്രീധരന്‍ പറഞ്ഞു. ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു മെട്രോമാന്റെ പ്രതികരണം.

അതേസമയം വന്ദേഭാരത് എക്സ്പ്രസുകള്‍ പരമാവധി വേഗത്തിലോടാന്‍ സൗകര്യമൊരുക്കാനുള്ള ശ്രമത്തിലാണ് റെയില്‍വേ. റെയില്‍വേ ട്രാക്ക് ബലപ്പെടുത്തുന്നതും നിവര്‍ത്തുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടപ്പാക്കുന്നത്. ഇതിനുപുറമെ എറണാകുളം-ഷൊര്‍ണ്ണൂര്‍ റൂട്ടില്‍ മൂന്നാംവരി പാതയുടെ സര്‍വേയും തുടങ്ങിയിട്ടുണ്ട്. ആദ്യഘട്ടത്തില്‍ മണിക്കൂറില്‍ 110 കിലോമീറ്റര്‍ വേഗതയും പിന്നീട് 130 ആയി ഉയര്‍ത്താനുമാണ് ലക്ഷ്യമിടുന്നത്.

വന്ദേഭാരത് പ്രാബല്യത്തില്‍ വരുന്നതോടെ മറ്റ് ദീര്‍ഘ ദൂര ട്രെയിനുകളുടെ വേഗതയും കൂടും. തിരുവനന്തപുരം, കായംകുളം, ഷൊര്‍ണൂര്‍, എറണാകുളം സെക്ഷനുകളില്‍ 110 കിലോമീറ്റര്‍ വേഗത കൈവരിക്കാനാണ് ശ്രമിക്കുന്നത്. ഭാവിയില്‍ ഇത് 130 കിലോമീറ്റര്‍ വേഗതയാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

നിലവില്‍ ഷൊര്‍ണൂര്‍- മംഗലാപുരം സെക്ഷനില്‍ മാത്രമാണ് 110 കിലോമീറ്റര്‍ വേഗം സാധ്യമാകുന്നത്. ഷൊര്‍ണൂര്‍ റൂട്ടില്‍ 110 കിലോമീറ്റര്‍ വേഗതയില്‍ മൂന്നാംവരി പാതയാണ് ആലോചിക്കുന്നത്. ഏപ്രില്‍ 14നാണ് വന്ദേഭാരത് എക്സ്പ്രസ് കേരളത്തിലെത്തിയത്. 22ന് ട്രെയല്‍ റണ്‍ നടക്കും. തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം ടൗണ്‍, തൃശൂര്‍, തിരൂര്‍, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ടാകും.