ഇ-പോസ് മെഷീന്‍ പണിമുടക്കി; സംസ്ഥാനത്ത് മൂന്ന് ദിവസമായി റേഷന്‍ വിതരണം പ്രതിസന്ധിയില്‍

ഇ-പോസ് മെഷീന്‍ പണിമുടക്കിയതോടെ സംസ്ഥാനത്തെ റേഷന്‍ വിതരണം പ്രതിസന്ധിയില്‍. പല ജില്ലകളിലും മൂന്ന് ദിവസമായി റേഷന്‍ വിതരണം നടക്കുന്നില്ല. ആളുകള്‍ സാധനം വാങ്ങാന്‍ എത്തുമ്പോള്‍ ഇ പോസ് മെഷിന്‍ പണിമുടക്കുന്നതിനാല്‍ റേഷന്‍ വിതരണം ചെയ്യാന്‍ കഴിയുന്നില്ലെന്നും മൂന്ന് ദിവസമായി ഈ അവസ്ഥ തുടരുകയാണ് എന്നും റേഷന്‍ വ്യാപാരികള്‍ പറയുന്നു.

മെഷീനുകള്‍ പ്രവര്‍ത്തിക്കാതായപ്പോള്‍ തന്നെ അധികൃതരെ വിവരം അറിയിച്ചിരുന്നു. എന്നാല്‍ ഇതുവരെ നടപടി ഉണ്ടായില്ലെന്നാണ് കടയുടമകളുടെ പരാതി. റേഷന്‍ വ്യാപാരികളുടെ സംഘടന കഴിഞ്ഞ ദിവസം പ്രതിസന്ധിയെ കുറിച്ച് മന്ത്രിയുടെ ഓഫീസിനെയും വിളിച്ച് അറിയിച്ചിരുന്നു. സോഫ്റ്റ് വെയറുമായി ബന്ധപ്പെട്ട ചുമതലകള്‍ എന്‍ഐസിയ്ക്കാണ്. അവരെ ഇക്കാര്യം അറിയിച്ചിട്ടുണ്ട് എന്നുമാണ് മന്ത്രിയുടെ ഓഫീസില്‍ നിന്ന് കിട്ടിയ മറുപടി. പ്രശ്‌നം പരിഹരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായി ഭക്ഷ്യമന്ത്രിയും ആവര്‍ത്തിച്ച് പറയുന്നു. എന്നാല്‍ ഇതുവരെ പരിഹാരമായിട്ടില്ല.

സംസ്ഥാനത്ത് ഇ പോസ് മെഷീനുകള്‍ പണിമുടക്കുന്നത് ആദ്യമായിട്ടല്ല. മെഷീനുകള്‍ തകരാറിലാകുമ്പോള്‍ നന്നാക്കുന്നു എന്നല്ലാതെ പ്രശ്‌നത്തിന് ശാശ്വതമായ പരിഹാരം ഉണ്ടാകുന്നില്ല എന്നും റേഷന്‍ വ്യാപാരികള്‍ പരാതി പറയുന്നു. സര്‍വര്‍ തകരാറിലയതിനാല്‍ കടകള്‍ പൂര്‍ണമായും അടച്ചിടേണ്ടി വരുമെന്ന് ഒരു വിഭാഗം റേഷന്‍ വ്യാപാരികള്‍ മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.