ഇ-പോസ് മെഷീന്‍ വീണ്ടും പണിമുടക്കി; റേഷന്‍ വിതരണം സ്തംഭിച്ചു, ഉന്നതതല യോഗം വിളിച്ച് ഭക്ഷ്യമന്ത്രി

സംസ്ഥാനത്ത് വീണ്ടും റേഷന്‍ വിതരണം സ്തംഭിച്ചു. ഇ-പോസ് മെഷീന്‍ പണിമുടക്കിയതോടെ അഞ്ചാം ദിവസവും റേഷന്‍ വിതരണം പ്രതിസന്ധിയില്‍ ആയിരിക്കുകയാണ്. റേഷന്‍ കടകള്‍ തുറന്നപ്പോള്‍ ഒരു മണിക്കൂറില്‍ കൂടുതല്‍ മെഷീന്‍ പ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍ പിന്നെ തകരാറിലായി. ഇ പോസ് മെഷിന്‍ പണിമുടക്കുന്നതിനാല്‍ ആളുകള്‍ സാധനം വാങ്ങാനാകാതെ തിരികെ പോകുകയാണ്. സംഭവത്തിന് പിന്നാലെ ഭക്ഷ്യ മന്ത്രി ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്. ഐ.ടി സെക്രട്ടറി അടക്കമുള്ള ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുക്കും.

റേഷന്‍ കാര്‍ഡ് ഉടമകളുടെയോ അംഗങ്ങളുടെയോ വിരല്‍ പതിപ്പിച്ച് ബയോ മെട്രിക് വിവരങ്ങള്‍ ശേഖരിച്ച് ബില്‍ അടിച്ചാണ് സാധനങ്ങള്‍ നല്‍കുന്നത്. എന്നാല്‍ വെള്ളിയാഴ്ച മുതല്‍ ഇ പോസ് സംവിധാനത്തില്‍ തകരാറുകള്‍ ഉണ്ട്. കഴക്കൂട്ടം ടെക്‌നോപാര്‍ക്കില്‍ സ്ഥാപിച്ചിട്ടുള്ള സ്റ്റേറ്റ് ഡേറ്റ സെന്ററിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടുവെന്നാണ് ഇന്നലെ ഭക്ഷ്യ വകുപ്പ് അറിയിച്ചത്. സെന്ററിന്റെ ചുമതല ഐടി വകുപ്പിനാണ്.

സംസ്ഥാനത്ത് ഇ പോസ് മെഷീനുകള്‍ പണിമുടക്കുന്നത് ആദ്യമായിട്ടല്ല. കഴിഞ്ഞ വര്‍ഷം നാഷനല്‍ ഇന്‍ഫര്‍മാറ്റിക് സെന്ററിന്റെ (എന്‍ഐസി) ഹൈദരാബാദിലെ സര്‍വറിലെ പ്രശ്‌നങ്ങള്‍ കാരണം വിതരണം മുടങ്ങിയിരുന്നു. എന്നാല്‍ നിലവിലെ പ്രശ്‌നങ്ങള്‍ സംസ്ഥാനത്തിന് കീഴില്‍ വരുന്ന നെറ്റ്വര്‍ക് സംവിധാനത്തിലാണ്.

Read more

മെഷീനുകള്‍ തകരാറിലാകുമ്പോള്‍ നന്നാക്കുന്നു എന്നല്ലാതെ പ്രശ്നത്തിന് ശാശ്വതമായ പരിഹാരം ഉണ്ടാകുന്നില്ലെന്ന് റേഷന്‍ വ്യാപാരികള്‍ പരാതി ഉന്നയിച്ചിരുന്നു. സര്‍വര്‍ തകരാറിലായതിനാല്‍ കടകള്‍ പൂര്‍ണമായും അടച്ചിടേണ്ടി വരുമെന്ന് ഒരു വിഭാഗം റേഷന്‍ വ്യാപാരികള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.