ഇ-മൊബിലിറ്റി പദ്ധതി; മുഖ്യമന്ത്രി പൊതുസമൂഹത്തെ കബളിപ്പിക്കുന്നു: രമേശ് ചെന്നിത്തല

ഇ- മൊബിലിറ്റി പദ്ധതിയിൽ അഴിമതി നടന്നിട്ടുണ്ടെന്ന് ആവർത്തിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അഴിമതി ആരോപണത്തിന് മറുപടി പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയൻ ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയൻ പ്രൈസ് വാട്ടേഴ്സ് ഹൗസ് കൂപ്പേഴ്സ് എന്ന കമ്പനിയുടെ വക്താവായി മാറിയെന്നും ഒരു ബഹുരാഷ്ട്ര കുത്തക കമ്പനിയുടെ വക്താവായി മുഖ്യമന്ത്രി മാറിയത് തന്നെ അതിശയിപ്പിക്കുന്നു എന്നും രമേശ് ചെന്നിത്തല പറഞ്ഞു. സെബി നിരോധിച്ച കമ്പനിയും കൺസൾട്ടൻസി നൽകിയ കമ്പനിയും തമ്മിൽ ബന്ധമില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. എന്നാൽ ഇത് കള്ളമാണ്. സെബിയുടെ ഉത്തരവിന്റെ 204-ാം ഖണ്ഡികയിൽ പ്രൈസ് വാട്ടേഴ്സ് ഹൗസ് ഇന്ത്യ എന്ന കമ്പനിയെ തന്നെ നിരോധിക്കാതെ ഇവർ നടത്തുന്ന കൊള്ള തടയാൻ പറ്റില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഒരു കമ്പനി നിയമനടപടികളിൽ നിന്ന് ഒഴിവാകുന്നതിന് വേണ്ടി വിവിധ പേരുകൾ സ്വീകരിക്കുന്നത് അനുവദിക്കാനാവില്ലെന്നാണ് സെബി പറയുന്നത്. നിരോധനമുള്ള കമ്പനിക്ക് തന്നെയാണ് കരാർ നൽകിയത്.

സ്വിസ് കമ്പനിക്ക് 51 ശതമാനം ഓഹരി നൽകിയുള്ള സംയുക്ത സംരംഭത്തിന് മുഖ്യമന്ത്രി നീക്കം നടത്തിയെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. ഇ മൊബിലിറ്റി പദ്ധതിയിൽ മുഖ്യമന്ത്രിയുടെ വിശദീകരണം പൂര്‍ണ്ണമായും തള്ളിയ ചെന്നിത്തല ഹെസ് എന്ന സ്വിസ് കമ്പിനിക്ക് ടെണ്ടർ വിളിക്കാതെ പദ്ധതി നൽകാനായിരുന്നു മുഖ്യമന്ത്രിയുടെ നീക്കം എന്ന് ആരോപിച്ചു. ഇതിനായി കേരള ഓട്ടോമൊബൈലുമായി സംയുക്ത സംരംഭമുണ്ടാക്കി. സ്വിസ് കമ്പനിക്ക് 51 ശതമാനം ഓഹരി നിശ്ചയിച്ചുള്ള സംരംഭത്തെ അന്നത്തെ ചീഫ് സെക്രട്ടറിയും ധനകാര്യവകുപ്പ് സെക്രട്ടറിയും എതിർത്തു. ഇത് മറി കടക്കാനാണ് പ്രൈസ് വാർട്ട ഹൗസ് കൂപ്പറിനെ കൺസെൽന്റായി നിയമിച്ചതെന്നാണ് ആക്ഷേപം.

നിക്സി(നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്റര്‍ സര്‍വീസസ് ഇന്‍കോര്‍പ്പറേറ്റഡ്‌) ഷോർട്ട് ലിസ്റ്റ് ചെയ്ത കമ്പനിയെ തിരഞ്ഞെടുക്കുകയാണെങ്കിൽ പിന്നീട് ഏതെങ്കിലും പ്രത്യേക കമ്പനിയെ തിരഞ്ഞെടുക്കാൻ സർക്കാർ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ ആ വിവരം നിക്സിയെ അറിയിക്കണം. അവരാണ് പിന്നെ കാര്യങ്ങൾ തീരുമാനിക്കുക. നിക്സി എംപാനല്‍ ചെയ്ത കമ്പനികള്‍ക്ക് ടെണ്ടര്‍ ഇല്ലാതെ കരാര്‍ നല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചിരുന്നോയെന്ന് മുഖ്യമന്ത്രി പറയണം. മന്ത്രിസഭ അത്തരമൊരു തീരുമാനമെടുത്തിട്ടുണ്ടെങ്കിൽ ആ തീരുമാനത്തിന്റെ ഒരു കോപ്പി പ്രതിപക്ഷനേതാവായ തനിക്ക് നൽകണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.