കേരള ഹൈക്കോടതിയില്‍ ഇനി മുതല്‍ ഇ-ഫയലിംഗ്; സംസ്ഥാനത്തിന് അഭിമാനിക്കാമെന്ന് മുഖ്യമന്ത്രി

കേരള ഹൈക്കോടതിയില്‍ ഇനി മുതല്‍ കേസ് ഫയലിംഗ് ഓണ്‍ലൈനിലേക്ക്. ഇ-ഫയലിംഗ് സംവിധാനം നടപ്പിലാകുന്നതോടെ ഹൈക്കോടതിയില്‍ നേരിട്ട് ഹര്‍ജികള്‍ സമര്‍പ്പിക്കുന്ന രീതികള്‍ ഇല്ലാതാകും. ഇനി മുതല്‍ ഓണ്‍ലൈന്‍ സംവിധാനം വഴിയാണ് ഹര്‍ജികളും അനുബന്ധ രേഖകളും സമര്‍പ്പിക്കേണ്ടത്. പേപ്പര്‍ രഹിത, പരിസ്ഥിതി സൗഹൃദ കോടതികളെന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ഈ നടപടി. ആദ്യ ഘട്ടത്തില്‍ ഹൈക്കോടതിയില്‍ ചീഫ് ജസ്റ്റിസിന്റേതടക്കം ആറു കോടതികളാണ് സമ്പൂര്‍ണ കടലാസ് രഹിത സ്മാര്‍ട് ഡിജിറ്റല്‍ കോടതിയായി മാറുന്നത്. അടുത്ത ഘട്ടത്തില്‍ കീഴ്ക്കോടതികളിലും ഇ-ഫയലിംഗ് സംവിധാനം നടപ്പിലാക്കും.

കേരള ഹൈക്കോടതി ഇ ഫയലിങ് സംവിധാനത്തിലേയ്ക്കു വരുന്നതു സംസ്ഥാനത്തിന് അഭിമാനകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കടലാസ് രഹിത കോടതി മുറികളുടെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കടലാസ് രഹിത കോടതി എന്ന ആശയം നടപ്പിലാക്കുന്നത് വഴി നീതിന്യായ സംവിധാനത്തിന്റെ കാര്യക്ഷമതയും സുതാര്യതയും വര്‍ധിക്കും. ജയിലുകളും കോടതികളും വീഡിയോ കോണ്‍ഫറന്‍സിലുടെ ബന്ധിപ്പിച്ചത് കോടതി നടപടികള്‍ വേഗത്തിലാക്കുന്നതിനു സഹായിച്ചു എന്നും മുഖ്യമന്ത്രി പറഞ്ഞു. മറ്റ് പല കാര്യങ്ങളിലും സംസ്ഥാനം രാജ്യത്തിന് മാതൃക ആയത് പോലെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഓണ്‍ലൈനായി മാറുന്നതിലും മാതൃകയാകുകയാണ്. എല്ലാ സര്‍ക്കാര്‍ ഓഫിസുകളിലും ഇ-സംവിധാനം നടപ്പിലാക്കുന്നതിന് ആയുള്ള നടപടികള്‍ പുരോഗമിക്കുകയാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോടതി മുറികളെ സ്മാര്‍ട്ടാക്കുന്ന ഇ-ഫയലിംഗ് സംവിധാനം സുപ്രീം കോടതി ജഡ്ജി ഡി.വൈ.ചന്ദ്രചൂഡ് ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. കോടതികളിലെ ഇ-ഓഫിസ് ഉദ്ഘാടനം ചെയ്്തത് കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ്.മണികുമാറാണ്. ഇ-കോടതി പദ്ധതിയുടെ ഡിജിറ്റല്‍ പ്രസന്റേഷന്‍ ഹൈക്കോടതി ജഡ്ജി രാജ വിജയ രാഘവന്‍ നിര്‍വഹിച്ചു.കോലഞ്ചേരി ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് ഫസ്റ്റ്ക്ലാസ് കോടതി, തിരുവനന്തപുരം അഡീഷണല്‍ ചീഫ് ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി എന്നിവയും കടലാസ് രഹിത കോടതികളാക്കി മാറ്റി.

അതേസമയം ഇന്ന് മുതല്‍ പൊതുമരാമത്ത് വകുപ്പിലെ മുഴുവന്‍ ഓഫീസുകളിലും ഇ-ഓഫീസ് സംവിധാനം നിലവില്‍വന്നു. വകുപ്പിലെ 716 ഓഫീസുകളിലും ഇ-ഓഫീസ് സംവിധാനം സജ്ജമാക്കിയതായി പൊതുമരാമത്ത് വകുപ്പ് അറിയിച്ചു. തിരുവനന്തപുരം പൊതുമരാമത്ത് കെട്ടിട ഉപവിഭാഗം ഓഫീസില്‍ വകുപ്പ് മന്ത്രി പി. എ. മുഹമ്മദ് റിയാസ് സമ്പൂര്‍ണ ഇ-ഓഫീസ് പ്രഖ്യാപനത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.