ഉത്തരവ് പൂര്‍ണമായ ഉത്തരവാദിത്തത്തോടെയാണ് ഇറക്കിയത്; രാജകീയ മരങ്ങള്‍ മുറിക്കാൻ ഉത്തരവിട്ടിട്ടില്ലെന്ന് ഇ ചന്ദ്രശേഖരൻ

വിവാദ മരംമുറി ഉത്തരവിന് നിർദേശം നൽകിയത് മുൻ റവന്യൂ മന്ത്രിയെന്ന് തെളിയിക്കുന്ന രേഖൾ പുറത്ത് വന്നതിന് പിന്നാലെ പ്രതികരണവുമായി ഇ. ചന്ദ്രശേഖരന്‍ രംഗത്ത്. രാജകീയ മരങ്ങള്‍ മുറിക്കാനുള്ള ഉത്തരവല്ല കൊടുത്തതെന്നും അത്തരം മരങ്ങള്‍ മുറിക്കാന്‍ ഉത്തരവ് കൊടുക്കാന്‍ ആര്‍ക്കും കഴിയില്ലെന്നും മുന്‍ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ വ്യക്തമാക്കി.

സര്‍ക്കാരിനെ സഹായിക്കാനായിരുന്നു ഉത്തരവ്. രാജകീയ മരങ്ങൾ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നുമാണ് ഇ ചന്ദ്രശേഖരൻ്റെ വാദം. കൃഷിക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന വിധത്തിൽ ഉദ്യോഗസ്ഥർ ഇടപെടരുതെന്നാണ് റവന്യു സെക്രട്ടറി ഉത്തരവ്. ഒരു സമ്മർദ്ദത്തിൻ്റെയും അടിസ്ഥാനത്തിലല്ല ഉത്തരവിറക്കിയത്. ഉത്തരവിറങ്ങിയ ശേഷം റവന്യൂ ഉദ്യേഗസ്ഥർ തടസമുണ്ടാക്കരുതെന്ന നിർദ്ദേശമാണ് നൽകിയത്. ഉത്തരവ് പൂര്‍ണമായ ഉത്തരവാദിത്തത്തോടെയാണ് ഇറക്കിയതെന്നും ഉത്തരവിന് നിര്‍ദേശം നല്‍കിയ മന്ത്രി എന്ന നിലയിലില്‍ അത് അംഗീകരിക്കുന്നുവെന്നും ഇ. ചന്ദ്രശേഖരന്‍ പറഞ്ഞു.

1964ലെ ഭൂമിപതിവ് ചട്ടം അനുസരിച്ച് പതിച്ചുകൊടുത്ത ഭൂമിയില്‍ കൃഷിക്കാരന്‍ വെച്ചുണ്ടാക്കിയ മരങ്ങള്‍ മുറിക്കാം എന്നാണ് ഉത്തരവ്. 50 വര്‍ഷത്തിനകം വെച്ചുപിടിപ്പിച്ചതല്ലാത്ത മരങ്ങള്‍ മുറിക്കാന്‍ ഉത്തരവ് നല്‍കിയിട്ടില്ല. ഉത്തരവ് ദുരുപയോഗം ചെയ്തുകൊണ്ട് മരംമുറിക്കാനുള്ള നീക്കം ഉണ്ടാകാം. അതല്ലാതെ ഈ പറയുന്ന രീതിയില്‍ ഒരു തരത്തിലും മരം മുറിക്കാന്‍ കഴിയില്ല.

റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് മനസിലാകാത്ത ഏത് ഭാഷയാണ് ഉത്തരവിലുള്ളതെന്നും ഇ. ചന്ദ്രശേഖരന്‍ ചോദിച്ചു. റവന്യൂ ഉദ്യോഗസ്ഥര്‍ അത് ശ്രദ്ധിച്ചില്ലെങ്കില്‍ അത് അവരുടെ വീഴ്ചയാണ്. സ്ഥലം പോലും നോക്കാതെ തെറ്റായ രീതിയില്‍ അനുമതി നല്‍കിയെങ്കില്‍ അതിന്റെ ഉത്തരവാദിത്വം അവര്‍ക്കാണ്. അത്തരം മരങ്ങള്‍ കടത്താന്‍ റവന്യൂ ഉദ്യോഗസ്ഥര്‍ രേഖകള്‍ വനംവകുപ്പിന് നല്‍കിയെങ്കില്‍ അതിന്റെ ഉത്തരവാദിത്വവും അവര്‍ക്കാണ്. അതെല്ലാം പരിശോധിക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന തലത്തില്‍ തന്നെ മുഖ്യമന്ത്രി അടക്കം നടത്തിയ സര്‍വകക്ഷി യോഗത്തിന്റെ അടിസ്ഥാനത്തിലാണ് ഈ ആലോചനകളെല്ലം നടത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.