പൊതുപരിപാടിക്കായി പാലക്കാട് പിരായിരിയിൽ എത്തിയ രാഹുൽ മാങ്കൂട്ടത്തിലിനെ തടഞ്ഞ് ഡിവൈഎഫ്ഐ, ബിജെപി പ്രവർത്തകർ. യൂത്ത് കോൺഗ്രസ്, മുസ്‌ലീം ലീഗ് പ്രവർത്തകർ എത്തിയാണ് രാഹുലിന് പ്രതിരോധം തീർത്തത്. ഇതോടെ പ്രതിഷേധം വകവയ്ക്കാതെ രാഹുൽ മുന്നോട്ട് നീങ്ങിയത് സംഘർഷത്തിനിടയാക്കി.
പത്തു മിനിറ്റോളം പ്രതിഷേധക്കാർ രാഹുലിന്റെ കാർ തടഞ്ഞിട്ടു. ഇതോടെ കാറിൽ നിന്ന് ഇറങ്ങിയ രാഹുൽ കാൽനടയായി മുന്നോട്ട് പോകാൻ ശ്രമിച്ചു. തുടർന്ന് യൂത്ത് കോൺഗ്രസ്, യൂത്ത് ലീഗ് പ്രവർത്തകരും പ്രതിഷേധക്കാരും തമ്മിൽ പരസ്പരം ഏറ്റുമുട്ടലും കയ്യാങ്കളിയുമുണ്ടായി.
പഞ്ചായത്തിലെ പൊതുറോഡ് ഉദ്ഘാടനത്തിനാണ് രാഹുൽ എത്തിയത്. പ്രതിഷേധം കനത്തതോടെ പൊലീസ് സ്ഥലത്തെത്തി. തുടർന്ന് യുഡിഎഫ് പ്രവർത്തകരുടെ സഹായത്തോടെ രാഹുൽ റോഡിന്റെ ഉദ്ഘാടനം നിർവഹിച്ചു. രാഹുലിനെ ചുമലിലേറ്റിയാണ് പ്രവർത്തകർ ഉദ്ഘാടന സ്ഥലത്തേക്ക് എത്തിച്ചത്.
ഉദ്ഘാടന വേദിയിലെത്തിയ രാഹുൽ മാങ്കൂട്ടത്തിൽ തൻ്റെ പ്രസംഗത്തിൽ വികസന പ്രവർത്തനങ്ങൾ വിശദീകരിക്കുകയും രാഷ്ട്രീയ നിലപാടുകൾ ആവർത്തിക്കുകയും ഒപ്പം പ്രതിഷേധക്കാരെ വെല്ലുവിളിക്കുകയും ചെയ്തു. “മറ്റന്നാൾ സ്മാർട്ട് അങ്കണവാടി ഉദ്ഘാടനമുണ്ട്. ഇന്ന് വന്ന എല്ലാവരും അന്നും വരണം. ജനാധിപത്യ രീതിയിൽ പ്രതിഷേധിക്കാം. വഴി തടഞ്ഞാൽ കാൽനടയായി പോകും,” എന്ന് പ്രതിഷേധക്കാരെ വെല്ലുവിളിച്ച് രാഹുൽ പറഞ്ഞു.
Read more
“പിരായിരി എന്ന് കേൾക്കുമ്പോൾ തന്നെ ചിലർക്ക് ഇന്ന് ഭ്രാന്താവുകയാണ്. വർഗീയ പ്രചാരണങ്ങളെ അതിജീവിച്ച് മതേതരത്വത്തെ ചേർത്തുപിടിക്കുന്ന നാടാണിത്. ഈ മണ്ണിന് ഒരു പ്രത്യേകതയുണ്ട്. കടുത്ത വർഗീയ പ്രചരണങ്ങളെ അതിജീവിച്ചുകൊണ്ട് എല്ലാ കാലത്തും ഐക്യജനാധിപത്യ മുന്നണിയുടെ മതേതരത്വത്തെ ചേർത്തുപിടിക്കുന്നവരാണ് ഈ നാട്ടിൽ വിജയിക്കുന്നത്,” രാഹുൽ പറഞ്ഞു.







