ക്വട്ടേഷന്‍, ലഹരി, സ്വര്‍ണക്കടത്ത് സംഘവുമായി ബന്ധമുണ്ടെന്ന് വാര്‍ത്തകള്‍; ഏഷ്യാനെറ്റ് ന്യൂസിന് എതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഡി.വൈ.എഫ്‌.ഐ

ഡിവൈഎഫ്ഐ കേന്ദ്രകമ്മറ്റിയംഗം എം ഷാജറിനെ പ്രതികൂട്ടില്‍ നിര്‍ത്തും വിധം വ്യാജ വാര്‍ത്ത നിര്‍മിച്ച ഏഷ്യാനെറ്റിനെതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് ഡിവൈഎഫ്ഐ. സമൂഹത്തില്‍ വര്‍ധിച്ചുവരുന്ന ലഹരി – ക്വട്ടേഷന്‍ – സ്വര്‍ണ്ണക്കടത്ത് ഉള്‍പ്പെടെയുള്ള സാമൂഹ്യ വിരുദ്ധ പ്രവണതകള്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് ഡിവൈഎഫ്ഐ സ്വീകരിച്ചിട്ടുള്ളത്. ഈ വിഷയത്തില്‍ നിരവധി ശക്തമായ ക്യാമ്പയിനുകള്‍ ഇക്കാലമത്രയും സംഘടന ഏറ്റെടുത്തിട്ടുമുണ്ട്.

ഈ പോരാട്ടത്തെ ദുര്‍ബലപ്പെടുത്താന്‍ ഇതിന് നേതൃത്വം നല്‍കുന്നവര്‍ക്ക് ക്വട്ടേഷന്‍ – സ്വര്‍ണക്കടത്ത് സംഘവുമായി ബന്ധമുണ്ട് എന്ന് സ്ഥാപിക്കാന്‍ വലതുപക്ഷ മാധ്യമങ്ങള്‍ നിരന്തരം ശ്രമിക്കുകയാണ്.ഇത്തരം വ്യാജ വാര്‍ത്തകള്‍ തള്ളിക്കളയണമെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വികെ സനോജ് ഫേസ്ബുക്ക് പോസ്റ്റിലൂടെ അഭ്യര്‍ത്ഥിച്ചു.

സമൂഹത്തില്‍ വലത് പക്ഷവല്‍ക്കരണത്തിന്റെ ഭാഗമായി സംഭവിക്കുന്ന തെറ്റായ പ്രവണതകള്‍ക്കെതിരായ സമരം ആശയ തലത്തിലും പ്രായോഗിക തലത്തിലും എല്ലാ വിഭാഗം ആളുകളെയും സംഘടിപ്പിച്ച് ഇനിയും മുന്നോട്ട് കൊണ്ട് പോവും.
വ്യാജ വാര്‍ത്തകള്‍ നല്കി ഇത്തരം പോരാട്ടങ്ങളെ ദുര്‍ബലപ്പെടുത്താനുള്ള ചില മാധ്യമങ്ങളുടെ നീക്കം തിരിച്ചറിയണമെന്നും ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറിയേറ്റ് വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.