ലഹരിക്കടത്ത്: ഇജാസിനെ സി.പി.എം പുറത്താക്കി; ഷാനവാസിന് സസ്‌പെന്‍ഷന്‍

കരുനാഗപ്പള്ളി ലഹരിക്കടത്ത് കേസിലെ മുഖ്യപ്രതി ഇജാസിനെ സി.പി.എം പുറത്താക്കി. ആലപ്പുഴ സീവ്യൂ വാര്‍ഡ് പടിഞ്ഞാറ് ബ്രാഞ്ച് അംഗമാണ്് ഇജാസ്. ആലപ്പുഴ നോര്‍ത്ത് ഏരിയകമ്മിറ്റിയംഗം ഷാനവാസിനെ സി.പി.എം സസ്‌പെന്‍ഡ് ചെയ്തു.

ആലപ്പുഴയില്‍ മന്ത്രി സജി ചെറിയാന്റെ നേതൃത്വത്തില്‍ നടന്ന ജില്ലാ െസക്രട്ടേറിയേറ്റ് യോഗമാണ് അച്ചടക്കനടപടി സ്വീകരിച്ചത്. ഷാനവാസിനെ യോഗത്തിലേക്ക് ഓഫിസിലേക്ക് വിളിച്ചുവരുത്തി വിശദീകരണം തേടിയിരുന്നു. ഷാനവാസിനെതിരായ ആരോപണങ്ങള്‍ അന്വേഷിക്കാന്‍ കമ്മിഷനെ വച്ചു.

പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കിയ സാഹചര്യം ഗൗരവമായി ചര്‍ച്ചചെയ്‌തെന്നും ഇത്തരം വിഷയങ്ങള്‍ വച്ച് പൊറുപ്പിക്കില്ലെന്നും യോഗത്തിന് ശേഷം സജി ചെറിയാന്‍ പറഞ്ഞു. പാര്‍ട്ടിയുടെ ഏത് തീരുമാനവും അംഗീകരിക്കുമെന്ന് ഷാനവാസും പ്രതികരിച്ചു.

കേസിലെ മൂന്നാംപ്രതിയായ സജാദ് സിപിഎം പ്രവര്‍ത്തകനല്ലെന്ന് ജില്ലാ സെക്രട്ടറി അറിയിച്ചു. ഡിവൈഎഫ്‌ഐ അംഗമാണോഎന്ന ചോദ്യത്തിന് അത് സംഘടന വ്യക്തമാക്കട്ടെ എന്നായിരുന്നു മറുപടി.