കൊച്ചിയിലെ ലഹരിവേട്ട; പ്രതി ചിഞ്ചു മാത്യു രക്ഷപെട്ടത് അന്വേഷണസംഘത്തിന് നേരെ തോക്ക് ചൂണ്ടി

കൊച്ചിയില്‍ ലഹരി പരിശോധനയ്ക്കിടെ എക്‌സൈസ് സംഘത്തിന് നേരെ തോക്ക് ചൂണ്ടി പ്രതിരക്ഷപ്പെട്ടു. വാഴക്കാലായില്‍ കണ്ണൂര്‍ കോളയാട് സ്വദേശി ചിഞ്ചു മാത്യു താമസിച്ചിരുന്ന ഫ്‌ളാറ്റിലായിരുന്നു സംഭവം. ഇവിടെ നിന്നും മുക്കാല്‍ കിലോ എംഡിഎംഎയും അന്‍പതു ഗ്രാം ഹാഷിഷ് ഓയിലും കണ്ടെത്തി.

പ്രതി ബാംഗ്ലൂരില്‍ നിന്നും നഗരത്തിലെക്ക് ലഹരി വിതരണം നടത്തുന്നവരില്‍ പ്രധാനിയാണെന്ന് എക്‌സൈസ് പറഞ്ഞു.രഹസ്യവിവരത്തെതുടര്‍ന്ന് ഒരാഴ്ചയായി എക്‌സൈസ് നിരീക്ഷണം നടത്തുകയായിരുന്നു. പ്രതി ഫ്‌ലാറ്‌റിലുണ്ടെന്ന വിവരം അനുസരിച്ച് എത്തിയ ഷാഡോസംഘത്തെ ഇയാൾ‌ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി. അക്രമണം തടയാന്‍ ശ്രമിച്ചതോടെ സിവില്‍ എക്‌സൈസ് ഓഫീസര്‍ ടോമി എന്‍ ഡിക്ക് നേരെ കത്തി വീശി രക്ഷപ്പെട്ടു.

അതേസമയം ഇന്നലെ കൊച്ചിയില്‍ പാക്കിസ്ഥാനില്‍ നിന്നെത്തിയ കോടികള്‍ വിലയുള്ള മയക്കുമരുന്നാണ് പിടികൂടിയത്. ക്രിസ്റ്റല്‍ രൂപത്തിലുള്ള 2500 കിലോ മെത്താഫെറ്റാമിന്‍ ലഹരിമരുന്നാണ് കണ്ടെത്തിയത് . നാവികസേനയും നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയും ചേര്‍ന്നാണ് മയക്കുമരുന്നു പിടികൂടിയത്. പാക്കിസ്ഥാന്‍ സ്വദേശിയായ ഒരാള്‍ പിടിയിലായി.രാജ്യത്ത് ഇതുവരെ നടന്നതില്‍ ഏറ്റവും വലിയ ലഹരിവേട്ടയായിരുന്നു ഇത്. 2800 ഡബ്ബകളിലാക്കി 134 ചാക്കുകളിലായാണ് മയക്കുമരുന്ന് ഉണ്ടായിരുന്നത്.

പാകിസ്താനില്‍ ഉത്പാദിപ്പിച്ച ബസ്മതി അരിക്കമ്പനിയുടെ ചാക്കിലാണ് ലഹരി സൂക്ഷിച്ചത്. ‘ഖുശ്ബു ബസ്മതി’ എന്നെഴുതിയ ചാക്കില്‍ ‘ ഹാജി ദാവൂദ് ആന്‍ഡ് സണ്‍സ്’ എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ഇറാനിലെ മക്രാനില്‍ നിന്ന് പുറപ്പെട്ട കപ്പല്‍ ഇന്ത്യയുടെ സമുദ്ര തീരത്തുവെച്ചാണ് പിടികൂടിയത്. ഉള്‍ക്കടലില്‍ നിര്‍ത്തിയിട്ട കപ്പലില്‍ നിന്നും രഹസ്യവിവരങ്ങള്‍ അനുസരിച്ചാണ് ബോട്ടുകളിലെത്തി ലഹരി മരുന്നുകൊണ്ടുപോകുന്നത്. ഓപ്പറേഷന്‍ സമുദ്രഗുപ്തിന്റെ അഞ്ചാം ദൗത്യമാണിത്.