മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയിട്ടും നിര്‍ത്താതെ പോയി; എ.എസ്‌.ഐയും സുഹൃത്തുക്കളും പിടിയില്‍

മദ്യപിച്ച് വാഹനമോടിച്ചു അപകടത്തില്‍ പെട്ട് നിര്‍ത്താതെ പോയ എഎസ്‌ഐയെയും സുഹൃത്തുക്കളെയും പിടികൂടി. മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയതിന് കേസെടുത്തു.

തൃശൂര്‍ കണ്ണാറയില്‍ കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം. മലപ്പുറം എആര്‍ ക്യാമ്പിലെ എഎസ്‌ഐ ഓടിച്ച കാര്‍ ബൈക്ക് യാത്രികനെ ഇടിച്ച് നിര്‍ത്താതെ പോകുകയായിരുന്നു. കഴിഞ്ഞ ദിവസം രാത്രിയില്‍ കണ്ണാറയിലെ ഒരു പിറന്നാള്‍ ആഘോഷത്തിന് പോയി തിരിച്ചു വരുന്ന വഴിയാണ് സംഭവം.

ബൈക്ക് യാത്രികരായ ശ്രീജിത്ത്, കാവ്യ എന്നിവരുടെ കാലിന് സാരമായ പരിക്കേറ്റു. പിന്നീട് പട്ടിക്കാട് എത്തിയപ്പോള്‍ എഎസ്‌ഐയുടെ വാഹനം മുന്നോട്ടു നീങ്ങാതായപ്പോള്‍ നാട്ടുകാര്‍ തടഞ്ഞുവെച്ച് പൊലീസിനെ അറിയിക്കുകയായിരുന്നു. എന്നാല്‍ ഈ സമയത്ത് മദ്യപിച്ച വ്യക്തി പൊലീസുകാരനെന്ന് മനസ്സിലായിരുന്നില്ല. അര്‍ദ്ധരാത്രിയോടെയാണ് ഇക്കാര്യം വ്യക്തമായത്.

സംഭവസമയത്ത് പൊലീസുകാരനും സുഹൃത്തുക്കളും മദ്യപിച്ചിരുന്നതായി കണ്ടെത്തി. മലപ്പുറം എആര്‍ക്യാമ്പിലെ എഎസ്‌ഐ പ്രശാന്തും സുഹൃത്തുക്കളുമാണ് പിടിയിലായത്. മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയെന്നാണ് കേസ്. രണ്ടുപേരുടെ ആള്‍ജാമ്യത്തില്‍ എഎസ്‌ഐയെ വിട്ടച്ചയതായി പരാതിക്കാര്‍ പറയുന്നു.