ഡ്രഡ്ജര്‍ അഴിമതി; ജേക്കബ് തോമസിന് സുപ്രീംകോടതി നോട്ടീസ്

ഡ്രഡ്ജര്‍ അഴിമതി കേസില്‍ മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന് നോട്ടീസയച്ച് സുപ്രീംകോടതി. കേസ് റദ്ദാക്കി ജേക്കബ് തോമസിനെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെയുള്ള ഹര്‍ജിയിലാണ് നോട്ടീസ്. സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് നോട്ടീസ് നല്‍കിയത്. ജസ്റ്റിസ് അജയ് രസ്തോഗി അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

ഡ്രഡ്ജര്‍ വാങ്ങിയത് സംബന്ധിച്ച കരാറിലടക്കം ഗുരുതര വീഴ്ച സംഭവിച്ചിട്ടുണ്ടെന്നാണ് സര്‍ക്കാര്‍ ഹര്‍ജിയില്‍ പറയുന്നത്. ജേക്കബ് തോമസ് തുറമുഖവകുപ്പ് ഡയറക്ടറുടെ ചുമതല വഹിച്ചുകൊണ്ടിരുന്ന സമയത്താണ് ഹോളണ്ടിലെ കമ്പനിയില്‍ നിന്ന് ഡ്രഡ്ജര്‍ വാങ്ങിയത്. ഈ ഇടപാടില്‍ അഴിമതി നടന്നതായി വിജിലന്‍സ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് ജേക്കബ് തോമസിനെതിരെ കേസെടുത്തത്. ഡ്രഡ്ജര്‍ വാങ്ങിയത് സംബന്ധിച്ച് പല വിവരങ്ങളും മറച്ചുവെച്ചുവെന്നും ആരോപണമുണ്ട്.

കഴിഞ്ഞ നവംബര്‍ ഒന്നിനാണ് ജേക്കബ് തോമസിന് എതിരെയുള്ള വിജിലന്‍സ് കേസ് ഹൈക്കോടതി റദ്ദാക്കിയത്. വിജിലന്‍സ് അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ എഫ്ഐആറിലെ ആരോപണങ്ങള്‍ നിലനില്‍ക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി കേസ് റദ്ദാക്കിയത്.