ശബരിമലയില്‍ ദര്‍ശനം നടത്തുന്ന ആദ്യ രാഷ്ട്രപതിയാകാന്‍ ദ്രൗപദി മുര്‍മു; 18ന് കേരളത്തിലെത്തും; ദേശീയ തീര്‍ഥാടന കേന്ദ്രമായി അംഗീകരിക്കാന്‍ അവസരം ലഭിക്കുമെന്ന് ദേവസ്വംമന്ത്രി

ശബരിമലയില്‍ ദര്‍ശനം നടത്തുന്ന ആദ്യ രാഷ്ട്രപതിയാകാന്‍ ദ്രൗപദി മുര്‍മു. ശബരിമല സന്ദര്‍ശനത്തിനായി മുര്‍മു മെയ് 18ന് കേരളത്തിലെത്തും. രണ്ടു ദിവസം അവര്‍ കേരളത്തില്‍ തങ്ങും.
കോട്ടയം കുമരകത്തായിരിക്കും രാഷ്ട്രപതി തങ്ങുക. രാഷ്ട്രപതിയുടെ സന്ദര്‍ശനത്തിനു വേണ്ട സൗകര്യങ്ങളൊരുക്കാന്‍ സംസ്ഥാന സര്‍ക്കാരിന് വിവരം ലഭിച്ചിട്ടുണ്ട്. എസ്പിജിയുടെ പരിശോധനയും പൂര്‍ത്തിയായി

ഇടവ മാസ പൂജയ്ക്കായി ശബരിമല നട തുറക്കുമ്പോള്‍ രാഷ്ട്രപതി എത്തുമെന്ന് പൊലീസിനും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനും നേരത്തെ അനൗദ്യോഗിക അറിയിപ്പു ലഭിച്ചിരുന്നു. ഇതോടെ വെര്‍ച്വല്‍ ക്യൂ ബുക്കിങ്ങിലുള്‍പ്പെടെ ദേവസ്വം നിയന്ത്രണങ്ങളേര്‍പ്പെടുത്തിയിട്ടുണ്ട്. രാഷ്ട്രപതി സന്ദര്‍ശിക്കുന്ന ദിവസങ്ങളില്‍ ശബരിമലയില്‍ കടുത്ത നിയന്ത്രണങ്ങളുണ്ടാകും. മേയ് 14നാണ് ഇടവ മാസ പൂജകള്‍ക്കായി ശബരിമല നട തുറക്കുന്നത്. രാഷ്ട്രപതിയുടെ സന്ദര്‍ശനം പ്രമാണിച്ച് ശബരിമലയില്‍ മരാമത്ത് ജോലികള്‍ ദ്രുതഗതിയിലാക്കിയിട്ടുണ്ട്.

Read more

അതേസമയം, രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന്റെ സന്ദര്‍ശനം ദേശീയ തീര്‍ഥാടന കേന്ദ്രമായി ശബരിമലയെ അംഗീകരിക്കാന്‍ അവസരം ലഭിക്കുമെന്ന് മന്ത്രി വി എന്‍ വാസവന്‍ പറഞ്ഞു.
എസ് പി ജി നിര്‍ദേശം അനുസരിച്ചു മാത്രമേ സുരക്ഷാ കാര്യങ്ങള്‍ തീരുമാനിക്കൂ. രാഷ്ട്രപതിയുടെ സന്ദര്‍ശനം സന്തോഷകരവും അഭിമാനകരവുമാണെന്നും മന്ത്രി വി എന്‍ വാസവന്‍ പറഞ്ഞു.