ഡോ. വന്ദന ദാസ് കൊലക്കേസ്; സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ ഹൈക്കോടതി വിധി ഇന്ന്

ഡോ. വന്ദന ദാസ് കൊലക്കേസിൽ സിബിഐ അന്വേഷണം അവശ്യപ്പെട്ടുള്ള അച്ഛൻ ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ആണ് വിധി പറയുക. സിബിഐ അന്വേഷണത്തിന്റെ ആവശ്യമില്ലെന്നാണ് സർക്കാർ നിലപാട്. കേസിൽ ജാമ്യം നൽകണമെന്ന് ആവശ്യപ്പെട്ട് പ്രതി സന്ദീപ് നൽകിയ ഹർജിയിലും ഇന്ന് ഉത്തരവുണ്ടാകും.

നിലവിലെ പോലീസ് അന്വേഷണം കാര്യക്ഷമമല്ലെന്നും വീഴ്ച പറ്റിയ പോലീസുകാരെ സംരക്ഷിക്കാൻ ആണ് അന്വേഷണ സംഘം ശ്രമിക്കുന്നതെന്നും വന്ദനാ ദാസിന്റെ അച്ഛൻ മോഹൻദാസ് നൽകിയ ഹർജിയിൽ പറയുന്നു.

മെയ്‌ 10 നാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഹൗസ് സർജൻസിക്കിടെ വന്ദനാ ദാസ് കൊല്ലപ്പെട്ടത്. കൊല്ലം അസീസിയ മെഡിക്കൽ കോളേജിലെ വിദ്യാർത്ഥിയായിരുന്ന ഡോ. വന്ദന. ചികിത്സക്കായി ആശുപത്രിയിൽ പൊലീസെത്തിച്ച പ്രതി ഡോക്ടറെ കുത്തിക്കൊല്ലുകയായിരുന്നു. കൊല്ലം നെടുമ്പന യുപി സ്കൂൾ അദ്ധ്യാപകനായിരുന്ന പ്രതി സന്ദീപിനെ ജോലിയിൽ നിന്നും പിരിച്ച് വിട്ടിരുന്നു.