ഏഷ്യാനെറ്റ് വിവാദത്തില്‍ ജയരാജന്‍ മതം നോക്കി മുദ്ര കുത്തുന്നു; സി.പി.എമ്മില്‍ സംഘപരിവാര്‍ സ്വാധീനം വ്യാപിക്കുന്നു; ആഞ്ഞടിച്ച് ക്ഷമ മുഹമ്മദ്

സിപിഎമ്മിന്റെ മുസ്ലിം വിരുദ്ധത പല കാലത്തും പല രീതികളില്‍ വെളിയില്‍ വന്നിട്ടുണ്ടെന്ന് കോണ്‍ഗ്രസ് വക്താവ് ക്ഷമ മുഹമ്മദ്. എം വി ജയരാജന്‍ ‘നൗഫല്‍ ‘ എന്ന പേര് കണ്ടയുടന്‍ ഒരു മാധ്യമപ്രവര്‍ത്തകനെ ബിന്‍ലാദനോട് ഉപമിച്ചത് സിപിഎമ്മില്‍ സംഘപരിവാറിന്റെ സ്വാധീനം വ്യാപകമായിരിക്കുന്നുവെന്നതിന്റെ തെളിവാണ്. മുസ്ലിം പേരുള്ളവന്‍ മോശപ്പെട്ട കാര്യങ്ങള്‍ ചെയ്യുമെന്നാണ് എം വി ജയരാജന്‍ പറയാതെ പറഞ്ഞത്.

ഈ വാദത്തിന് സംഘപരിവാറിന്റെ ആശയത്തില്‍ നിന്ന് എന്താണ് വ്യത്യാസമുള്ളത്? ഏഷ്യാനെറ്റ് വാര്‍ത്താവിവാദത്തില്‍ ഉള്‍പ്പെട്ട മറ്റു മാധ്യമപ്രവര്‍ത്തകരുടെ പേര് പറയാനോ മതം നോക്കി മുദ്രകുത്താനോ ജയരാജന്‍ ശ്രമിച്ചില്ല എന്നതും ഇതിനോട് കൂട്ടി വായിക്കണം. മുസ്ലിം വിരുദ്ധമായ ഒരു പ്രസ്താവന നടത്തിയിട്ടും ഈ നിമിഷം വരെ തിരുത്താനോ മാപ്പ് പറയാനോ സിപിഎമ്മിന്റെ ഉന്നത നേതാവായ എം വി ജയരാജന്‍ തയ്യാറായിട്ടില്ല. ജയരാജനെതിരെ യാതൊരുവിധ നടപടിക്കും സിപിഎം തയ്യാറായിട്ടുമില്ല.

സമൂഹത്തില്‍ വര്‍ഗ്ഗീയ വിദ്വേഷം പടര്‍ത്തുന്ന രീതിയില്‍ മനുഷ്യ മനസ്സുകളിലേക്ക് വിഭാഗീയ ചിന്തകള്‍ കുത്തിവെക്കുന്ന ഇത്തരം നേതാക്കളെയും അവരുടെ പ്രസ്ഥാനങ്ങളെയും സമൂഹത്തില്‍ നിന്ന് അകറ്റിനിര്‍ത്താന്‍ നാം തയ്യാറാകണം. മുസ്ലിം സമുദായത്തെ അപമാനിക്കുന്ന രീതിയില്‍ പേര് നോക്കി ചാപ്പയടിച്ച സിപിഎം നേതാവിന്റെ നിലപാടില്‍ ശക്തമായ പ്രതിഷേധം ഉയരണമെന്ന് ക്ഷമ മുഹമ്മദ് പറഞ്ഞു.