തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഉപകരണക്ഷാമം സംബന്ധിച്ച് വെളിപ്പെടുത്തല്‍ നടത്തിയതിന്റെ പേരില്‍ തനിക്കെതിരെ നടക്കുന്ന നീക്കങ്ങളില്‍ വികാരാധീനനായി പ്രതികരിച്ച് യൂറോളജി വിഭാഗം മേധാവി ഡോ.സി.എച്ച്.ഹാരിസ്. പണമില്ലെന്നു പറഞ്ഞ് പാവപ്പെട്ട രോഗികളുടെ ജീവന്‍ പന്താടരുതെന്നു ഡോ.ഹാരിസ് പറഞ്ഞു. ഡിഎം ഇന്നലെ ഡോ ഹാരീസിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. പ്രതിഷേധം തണുക്കാന്‍ നടപടി വൈകിപ്പിച്ചതിന് ശേഷം ഇപ്പോള്‍ നടപടിയ്ക്ക് ഒരുങ്ങുന്നതിന്റെ സൂചനയാണ് കാരണം കാണിക്കല്‍ നോട്ടീസ് എന്ന് വ്യക്തമാകുകയാണ്.
കാരണം കാണിക്കല്‍ നോട്ടീസ് കിട്ടിയെന്നും വിശദീകരണം നല്‍കുമെന്നും ഡോ ഹാരിസ് ചിറക്കല്‍ പറഞ്ഞു. ഒരാഴ്ചയ്ക്കുള്ളില്‍ കാരണം കാണിക്കല്‍ നോട്ടിസിനു മറുപടി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണ സമിതിയിലുണ്ടായിരുന്ന ഡോക്ടര്‍മാര്‍ ഏറെ വര്‍ഷമായി അറിയാവുന്നവരാണ്. അവരൊന്നും തന്നെപ്പറ്റി മോശമായി എഴുതുന്നവരല്ല. എപ്പോഴും കത്തു മുഖേന അധികൃതരെ വിവരങ്ങള്‍ അറിയിക്കാന്‍ പല വിഷമതകളുണ്ട്. കത്ത് അടിക്കാനുള്ള പേപ്പര്‍ വരെ കൈയില്‍നിന്നു പണം കൊടുത്തു വാങ്ങണം. എനിക്ക് ഓഫിസോ, സ്റ്റാഫോ ഇല്ല. പലരുടെയും കൈയും കാലും പിടിച്ചാണ് ഇതൊക്കെ ചെയ്യുന്നതെന്നും ഡോക്ടര്‍ പറഞ്ഞു. മറുപടി പറയുന്നതിനിടെ കണ്ണുകള്‍ നിറഞ്ഞ ഡോക്ടര്‍ വീടിനുള്ളിലേക്കു തിരിച്ചു കയറി. ബാക്കി കാര്യങ്ങള്‍ വൈകിട്ട് പറയാമെന്നു പറഞ്ഞ് കണ്ണുകള്‍ തുടച്ച് അദ്ദേഹം നടന്നുനീങ്ങി.
ശസ്ത്രക്രിയകള്‍ മുടങ്ങിയെന്നു വെളിപ്പെടുത്തിയ ഹാരിസിന് ആരോഗ്യ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയിരുന്നു. വെളിപ്പെടുത്തലിനെക്കുറിച്ച് അന്വേഷിച്ച വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട് അനുസരിച്ചാണു നടപടി. ഡോ.ഹാരിസ് സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റച്ചട്ടങ്ങള്‍ ലംഘിച്ചതായി ബോധ്യപ്പെട്ടെന്നു നോട്ടിസില്‍ വ്യക്തമാക്കിയിട്ടുണ്ട്. ശസ്ത്രക്രിയാ മെഷീന്റെ ഘടകമായ ലിത്തോക്ലാസ്റ്റ് പ്രോബ് ഉണ്ടായിട്ടും ഡോ.ഹാരിസ് ശസ്ത്രക്രിയ മുടക്കിയെന്നു വിദഗ്ധസമിതി കണ്ടെത്തിയെന്നാണ് നോട്ടിസിലെ പ്രധാന ആരോപണം.
ഉപകരണങ്ങള്‍ ഇല്ലെന്ന് പറഞ്ഞത് സത്യമാണെന്നും താന്‍ ശസ്ത്രക്രിയ മുടക്കിയെന്നത് കള്ളമാണെന്നും ഡോ ഹാരീസ് ഇന്നലെതന്നെ വ്യക്തമാക്കിയിരുന്നു. തനിക്കെതിരായ സമിതിയുടെ റിപ്പോര്‍ട്ട് വ്യാജമെന്നും ഹാരിസ് പറയുന്നു. ഉപകരണക്ഷാമം ഇപ്പോളുമുണ്ടെന്നും അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിടണമെന്നും ഹാരിസ് ആവശ്യപ്പെട്ടു.
Read more
ഇത് പ്രതികാര നടപടിയാണ്. എല്ലാ ചോദ്യങ്ങള്‍ക്കുമുള്ള മറുപടി വിദഗ്ധ സമിതിക്ക് മുന്നില്‍ നല്കി. വിദഗ്ധ സമിതി റിപ്പോര്‍ട്ട് താന്‍ കണ്ടിട്ടില്ല. ഒന്നുകില്‍ റിപ്പോര്‍ട്ട് വ്യാജമാകാം. അല്ലെങ്കില്‍ അത് വിശകലനം ചെയ്തിരിക്കുന്നത് തെറ്റാകാം. ആശുപത്രിയില്‍ ഉപകരണമില്ല എന്നുള്ള കാര്യം അവര്‍ക്ക് അറിയാം.പരിഹരിക്കാന്‍ നടപടിയില്ലെന്നും അവര്‍ക്കറിയാം. സോഷ്യല്‍ മീഡിയായില്‍ എഴുതിയത് ചട്ടലംഘനമാണ്. വേറെ വഴിയില്ലാത്തതിനാലാണ് ഫേസ്ബുക്കില്‍ എഴുതിയത്. പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചുനില്‍ക്കുകയാണ്-.







