'മന്ത്രിയേയും മന്ത്രിസഭയേയും കുറ്റപ്പെടുത്തിയില്ല, മുഖ്യമന്ത്രി ഗുരുനാഥ തുല്യൻ'; നടപടി ഉണ്ടായാലും നിലപാട് തുടരുമെന്ന് ഡോ ഹാരിസ് ചിറയ്ക്കൽ

നടപടി ഉണ്ടായാലും നിലപാട് തുടരുമെന്ന് ഡോ ഹാരിസ് ചിറയ്ക്കൽ. താൻ നടത്തിയത് പ്രൊഫഷണൽ സൂയിസൈഡെന്നും തനിക്കെതിരെ കുറ്റപ്പെടുത്തലും നടപടിയുമുണ്ടായാലും നിലപാട് തുടരുമെന്നും ഹാരിസ് മാധ്യമങ്ങളോട് പറഞ്ഞു. താൻ മന്ത്രിയേയും മന്ത്രിസഭയേയും കുറ്റപ്പെടുത്തിയില്ല. ബ്യൂറോക്രസിയുടെ വീഴ്ച പരിഹരിക്കണം. പ്രശ്നങ്ങൾ പരിഹരിച്ചാൽ ആരോഗ്യമേഖല ഉയർച്ചയിലേക്ക് പോകുമെന്നും ഡോ ഹാരിസ് കൂട്ടിച്ചേർത്തു.

മുഖ്യമന്ത്രിയുടെ കുറ്റപ്പെടുത്തലിൽ വിഷമമില്ലെന്നും അദ്ദേഹം ഗുരുനാഥന് തുല്യനാണെന്നും ഹാരിസ് ചിറയ്ക്കൽ പറയുന്നു. എല്ലാ വഴിയും അടഞ്ഞപ്പോഴാണ് തുറന്ന് പറഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ പ്രതിസന്ധികൾ പുറത്തുകൊണ്ടുവന്ന ഡോ ഹാരിസിനെ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ വിമർശിച്ചിരുന്നു. ഹാരിസിന്റെ പ്രവൃത്തി ഇന്ത്യയിലെ ഏറ്റവും നല്ല ആരോഗ്യ മേഖലയെ തെറ്റായി ചിത്രീകരിക്കുന്നതിന് കാരണമായെന്നാണ് പിണറായി വിജയന്റെ വിമർശനം.

Read more

അദ്ദേഹത്തിന് അതൃപ്തി ഉണ്ടായിട്ടുണ്ടാകാം, അത് കേരളത്തെ താറടിച്ച് കാണിക്കണം എന്ന് ആഗ്രഹിക്കുന്ന ശക്തികൾക്ക് ഉപയോഗിക്കാൻ കഴിയുന്ന വിധം പുറത്തു വിടരുത്. നല്ല പ്രവർത്തനങ്ങളെ തെറ്റായി ചിത്രീകരിക്കാൻ അത് ഇടയാക്കും എന്നായിരുന്നു പിണറായി പറഞ്ഞത്. കണ്ണൂരിലെ മേഖലാ അവലോകന യോഗത്തിലാണ് മുഖ്യമന്ത്രിയുടെ വിമർശനം.