മലപ്പുറം വണ്ടൂർ നടുവത്തൂരിൽ മരിച്ച യുവാവിന് നിപ സംശയിക്കുന്ന സാഹചര്യത്തിൽ സമ്പര്‍ക്ക പട്ടികയിലുള്ളവരുടെ എണ്ണം വീണ്ടും ഉയർന്നു. 151 പേരാണ് പുതുതായി പുറത്തിറക്കിയ പട്ടികയിലുള്ളത്. നേരത്തെ 26 പേരായിരുന്നു ആരോഗ്യ വകുപ്പിന്റെ ലിസ്റ്റിൽ ഉണ്ടായിരുന്നത്. അതേസമയം തിരുവാലി പഞ്ചായത്തിൽ പനി ബാധിച്ച രണ്ടു പേരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുമുണ്ട്.
അതീവ ജാഗ്രതയിലാണ് ആരോഗ്യവകുപ്പ്. ഈ സാഹചര്യത്തിൽ തിരുവാലി പഞ്ചായത്തിൽ ജനപ്രതിനിധികളും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും യോഗം ചേർന്നു. പ്രതിരോധ പ്രവർത്തനങ്ങളും നിയന്ത്രണങ്ങളും ചർച്ച ചെയ്തു. നിപ ഔദ്യോഗികമായി സ്ഥിരീകരിച്ചാൽ തുടർനടപടികളിലേക്ക് ജില്ലാ ഭരണകൂടം കടക്കും.
അതിനിടെ തിരുവാലി പഞ്ചായത്തിൽ പനി ബാധിച്ച രണ്ടു പേരെ ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ച സാഹചര്യത്തിൽ അതീവ ജാഗ്രത പുലർത്തണമെന്നാണ് ആരോഗ്യവകുപ്പ് അറിയിച്ചിരിക്കുന്നത്. തിരുവാലി പഞ്ചായത്തിൽ മാസ്ക് ധരിക്കുന്നത് നിര്‍ബന്ധമാക്കികൊണ്ട് ജില്ലാ ആരോഗ്യ വകുപ്പ് നിര്‍ദേശമിറക്കി. പ്രതിരോധ പ്രവര്‍ത്തനങ്ങളും തിരുവാലി പഞ്ചായത്തിൽ ഊര്‍ജിതമാക്കിയിട്ടുണ്ട്.







