സിനിമാ കോണ്‍ക്ലേവിലെ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്റെ വിവാദ പരാമര്‍ശത്തില്‍ താൻ ഒന്നും മിണ്ടിയില്ലെന്ന് പറയരുതെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. വിഷയത്തിൽ സര്‍ക്കാര്‍ നിലപാട് വേദിയില്‍ വ്യക്തമാക്കിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. വളരെ കൃത്യവും വ്യക്തവുമായി സര്‍ക്കാര്‍ നിലപാട് പറഞ്ഞിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
‘അടൂരിന് അടി തെറ്റിയോ’ എന്ന വിഷയത്തില്‍ നടത്തിയ മീറ്റ് ദ എഡിറ്റേര്‍സിനിടയിലായിരുന്നു മന്ത്രിയുടെ പ്രതികരണം. ദളിതരും സ്ത്രീകളും മുഖ്യധാരയില്‍ വരാനാണ് സര്‍ക്കാര്‍ നിലപാടെടുത്തതെന്നും മന്ത്രി വ്യക്തമാക്കി. ‘അടൂര്‍ ഗോപാലകൃഷ്ണന്റെ അധിക്ഷേപ പരാമര്‍ശത്തില്‍ വളരെ കൃത്യവും വ്യക്തവുമായി സര്‍ക്കാര്‍ നിലപാട് പറഞ്ഞിട്ടുണ്ട്, അല്ലാതെ സജി ചെറിയാന്‍ ഒന്നും മിണ്ടിയില്ലെന്ന് പറയരുത്’ – മന്ത്രി പറഞ്ഞു.
സംഗീത നാടക അക്കാദമി വൈസ് ചെയര്‍പേഴ്‌സണ്‍ പുഷ്പവതിക്ക് കിട്ടേണ്ട പരിഗണന കിട്ടിയില്ലെന്ന് വിചാരിക്കുന്നയാളാണ് താനെന്നും ജീവിതത്തില്‍ എല്ലാ പ്രതിസന്ധികളും അഭിമുഖീകരിച്ച് വളര്‍ന്നുവന്ന സ്ത്രീയാണ് അവരെന്നും മന്ത്രി വ്യക്തമാക്കി. അടൂര്‍ ഗോപാലകൃഷ്ണന്റെ വ്യാഖ്യാനങ്ങളെ ദുര്‍വ്യഖ്യാനം ചെയ്യരുതെന്നും നല്ലൊരു കാര്യത്തിന് തുടങ്ങിയ കോണ്‍ക്ലേവ് നല്ലൊരു രീതിയില്‍ സമാപിക്കട്ടേയെന്നും സജി ചെറിയാന്‍ പറഞ്ഞു.







