പി.എച്ച്.ഡി വിയറ്റ്നാം സർവകലാശാലയിൽ നിന്നെന്ന് വിവരാവകാശ രേഖ, ഷാഹിദയുടെ വാദം പൊളിയുന്നു; പൊലീസ് അന്വേഷണത്തിൽ മെല്ലെപ്പോക്ക്

സി പി എമ്മിന് തലവേദനയായി വനിതാ കമ്മീഷന്‍ അംഗം ഷാഹിദ കമാലിന്‍റെ ഡോക്‌ടറേറ്റ് വിവാദം. ഓപ്പണ്‍ യൂണിവേഴ്സിറ്റിയില്‍ നിന്നാണ് ഡോക്ടറേറ്റ് കിട്ടിയതെന്ന ഷാഹിദയുടെ വാദം പൊളിക്കുന്ന വിവരാവകാശ രേഖകൾ പുറത്തു വന്നു. ഇതോടെ  സി.പി.എമ്മും വനിത കമ്മീഷൻ അംഗവും പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.

ഷാഹിദയുടെ വിദ്യാഭ്യാസ യോഗ്യതയെ കുറിച്ച് വിവാദങ്ങൾ ഉയരുന്നതിനിടയിലാണ് ഇന്‍റര്‍നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നാണ് തനിക്ക് ഡോക്‌ടറേറ്റ് ലഭിച്ചതെന്ന വിശദീകരണവുമായി ഷാഹിദ കമാല്‍ രംഗത്തുവന്നത്.

പക്ഷേ സാമൂഹ്യനീതി വകുപ്പ് വിവരാവകാശ നിയമപ്രകാരം കൊച്ചി സ്വദേശി ദേവരാജന് കിട്ടിയ മറുപടി യൂണിവേഴ്‌സിറ്റി ഓഫ് വിയറ്റ്നാം എന്ന സര്‍വകലാശാലയില്‍ നിന്നാണ് ഷാഹിദയ്ക്ക് ഡോക്‌ടറേറ്റ് കിട്ടിയിരിക്കുന്നതെന്നാണ്.

സാമൂഹ്യ പ്രതിബന്ധതയും,സ്ത്രീ ശാക്തീകരണവും എന്ന വിഷയത്തില്‍ തനിക്ക് പി എച്ച് ഡി ലഭിച്ചെന്നാണ് ഷാഹിദയുടെ 2018 ജൂലായ് ന് ഫേസ്ബുക്കിൽ കുറിച്ചത്.  എന്നാൽ ഏത് സര്‍വകലാശാലയില്‍ നിന്നാണ് പി എച്ച് ഡിയെന്ന് വ്യക്തമാക്കിയിട്ടില്ല. ഇതേ പി എച്ച് ഡിയാണ് വിവാദമുയര്‍ന്നപ്പോള്‍ ഡിലിറ്റാണെന്ന് ഷാഹിദ തിരുത്തി പറഞ്ഞത്. ഒന്നുകില്‍ ഷാഹിദ നുണ പറഞ്ഞെന്നോ അല്ലെങ്കില്‍ സാമൂഹ്യ നീതി വകുപ്പ് നുണ പറഞ്ഞെന്നോ ഈ രേഖ കാണുന്ന ആര്‍ക്കും സംശയം തോന്നാം. അതല്ല തനിക്ക് രണ്ടു സര്‍വകലാശാലകളില്‍ നിന്ന് ഡോക്ടറേറ്റ് ലഭിച്ചിട്ടുണ്ടെങ്കില്‍ അക്കാര്യം വ്യക്തമാക്കേണ്ടത് ഷാഹിദ കമാലാണ്

2017ല്‍ വനിതാ കമ്മിഷനില്‍ നല്‍കിയ ബയോഡേറ്റയില്‍ ബികോമാണ് വിദ്യാഭ്യാസ യോഗ്യതയായി ഷാഹിദ രേഖപ്പെടുത്തിയിരിക്കുന്നത്. അഞ്ചല്‍ സെന്‍റ് ജോണ്‍സ് കോളേജില്‍ വച്ച് ബിരുദം പൂര്‍ത്തിയാക്കിയില്ലെന്ന് സമ്മതിച്ചിട്ടുളള ഷാഹിദ ഈ ബികോം ഏത് സര്‍വകലാശാലയില്‍ നിന്ന് നേടിയതാണെന്നും വ്യക്തമാക്കിയിട്ടില്ല.

Read more

വിഷയത്തിൽ പ്രതികരിക്കാൻ ഷാഹിദ കമാൽ തയ്യാറായിട്ടില്ല. അന്വേഷണത്തിലെ പൊലീസ് മെല്ലെപോക്കിൽ വ്യാപക ആക്ഷേപമാണ് ഉയരുന്നത്. ഷാഹിദയുടെ വിദ്യാഭ്യാസ യോഗ്യതയില്‍ അന്വേഷണമാവശ്യപ്പെട്ട് തിരുവനന്തപുരം സ്വദേശിനി നല്‍കിയ പരാതിയില്‍ പുതിയ പൊലീസ് മേധാവി അനില്‍ കാന്ത് തീരുമാനമെടുക്കുമെന്നാണ് പൊലീസ് വൃത്തങ്ങൾ നൽകുന്ന സൂചന.