സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ അതൃപ്തി; എറണാകുളം ഡി.സി.സി ജനറല്‍ സെക്രട്ടറി സി.പി.എമ്മില്‍ ചേര്‍ന്നു

തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് പ്രചാരണം ശക്തിയോടെ മുന്നോട്ട് പോയി കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസില്‍ കൊഴിഞ്ഞുപോക്ക്. എറണാകുളം ഡിസിസി ജനറല്‍ സെക്രട്ടറി എം ബി മുരളീധരന്‍ സിപിഎമ്മില്‍ ചേര്‍ന്നു. സിപിഎം നേതാക്കള്‍ക്കൊപ്പം വാര്‍ത്താസമ്മേളനം നടത്തിയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

കൊച്ചി കോര്‍പ്പറേഷനിലെ 41-ാം ഡിവിഷനിലെ മുന്‍ കൗണ്‍സിലര്‍ ആയിരുന്നു എം ബി മുരളീധരന്‍. തൃക്കാക്കരയില്‍ ഉമ തോമസിനെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി തീരുമാനിച്ചതില്‍ മുരളീധരന്‍ എതിര്‍പ്പ് പ്രകടിപ്പിച്ചു. നേരത്തെയും അദ്ദേഹം ഇക്കാര്യത്തില്‍ എതിര്‍പ്പ് അറിയിച്ചിരുന്നു. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഏകപക്ഷീയമായി സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കുകയായിരുന്നു.ആരോടും ഒന്നും ചോദിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അതൃപ്തി രേഖപ്പെടുത്തിയതിന് ശേഷം ഡിസിസിയുടേയും നേതൃത്വത്തിന്റെയും സമീപനം ശരിയായിരുന്നില്ല. അതുകൊണ്ട് പ്രചാരണത്തില്‍ നിന്ന് വിട്ടു നില്‍ക്കുകയായിരുന്നു. ഇനി ഇടത് മുന്നണിക്ക് ഒപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാനാണ് തീരുമാനമെന്നും എം ബി മുരളീധരന്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.