എം.എസ്.എഫില്‍ വീണ്ടും അച്ചടക്കനടപടി, സംസ്ഥാന ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് ലത്തീഫ് തുറയൂരിനെ മാറ്റി

എം.എസ്.എഫില്‍ വീണ്ടും അച്ചടക്ക നടപടി. എം.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് ലത്തീഫ് തുറയൂരിനെ മുസ്ലിം ലീഗ് നീക്കി. എം.എസ്.എഫ് സംസ്ഥാന കമ്മിറ്റി പ്രവര്‍ത്തനത്തില്‍ ഏകോപനമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. നിലവിലെ എം.എസ്.എഫ് സംസ്ഥാന സെക്രട്ടറിമാരില്‍ ഒരാളായ ആബിദ് ആറങ്ങാടിക്ക് പകരം ചുമതല നല്‍കി.

എം. കെ മുനീറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ലത്തീഫ് തുറയൂരിനെതിരെ നടപടി എടുത്തത് എന്ന് ലീഗ് അറിയിച്ചു. ജനറല്‍ സെക്രട്ടറിയും പ്രസിഡന്റും തമ്മില്‍ ഏകോപനമില്ലെന്ന് ലീഗിന് പരാതി ലഭിച്ചിരുന്നു. രണ്ടു പേരും രണ്ട് വഴിക്കാണ് സംഘടനയെ നയിക്കുന്നതെന്നായിരുന്നു ആരോപണം. വിഭാഗീയത രൂക്ഷമായതോടെയാണ് അന്വേഷണത്തിന് മുസ്ലിം ലീഗ് സമിതിയെ നിയോഗിച്ചത്.

ഹരിത വിഷയത്തില്‍ എം.എസ്.എഫ് പ്രസിഡന്റ് പി.കെ നവാസിനെതിരെ രംഗത്ത് വന്നയാളാണ് ലത്തീഫ് തുറയൂര്‍. നവാസിനെതിരെ അദ്ദേഹം പൊലീസില്‍ മൊഴി നല്‍കിയെന്നും യോഗത്തിന്റെ മിനുട്സ് കൈമാറിയെന്നും നേതൃത്വം കണ്ടെത്തിയിരുന്നു. വിവാദമായ സംസ്ഥാന സമിതി യോഗത്തിന്റെ മിനിട്സ് കൈമാറരുതെന്ന് ലീഗ് ആവശ്യപ്പെട്ടിരുന്നു. ഇത് മറികടന്നാണ് പൊലീസിന് രേഖകള്‍ നല്‍കിയത്.

നവാസിനെതിരെ ഹരിത നേതാക്കള്‍ പരാതി ഉന്നയിച്ചപ്പോള്‍ മുതല്‍ ശക്തമായ നിലപാടാണ് ലത്തീഫ് തുറയൂര്‍ സ്വീകരിച്ചത്. പാര്‍ട്ടിയിലെ ചില വ്യക്തികളുടെ പ്രവര്‍ത്തനം നാണക്കേട് ഉണ്ടാക്കിയെന്നും, ഹരിത വിഷയത്തില്‍ നേതൃത്വത്തിന് വീഴ്ച പറ്റിയെന്നും അദ്ദേഹം ആരോപിച്ചിരുന്നു. ഹരിതയുടെ പ്രവര്‍ത്തനം മരവിപ്പിച്ചതിനെതിരെയും അദ്ദേഹം വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇക്കഴിഞ്ഞ ജൂണ്‍ 22 ന് കോഴിക്കോട് നടന്ന യോഗത്തിലാണ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ് ഹരിത പ്രവര്‍ത്തകരെ അധിക്ഷേപിച്ചുവെന്ന് പരാതി ഉയര്‍ന്നത്. വനിതാ കമ്മീഷനില്‍ പരാതി എത്തിയതോടെ സംഭവം വിവാദമായിരുന്നു.