ടൂറിസം സ്റ്റേക് ഹോള്‍ഡര്‍മാരുടെ യോഗം മദ്യനയവുമായി ബന്ധപ്പെട്ടല്ല; പ്രതിപക്ഷ നേതാവിന്റെ ആരോപണം തള്ളി ടൂറിസം ഡയറക്ടര്‍; വിശദീകരണം പുറത്തിറക്കി

പ്രതിപക്ഷനേതാവ് വിഡി സതീശന്റെ ആരോപണങ്ങള്‍ തള്ളി ടൂറിസം ഡയറക്ടര്‍ പിബി നൂഹ് ഐഎഎസ്. സംസ്ഥാനത്തെ ടൂറിസം മേഖലയുമായി ബന്ധപ്പെട്ടു മേയ് 21ന് ടൂറിസം ഡയറക്ടര്‍ വിളിച്ചു ചേര്‍ത്ത യോഗം ഇപ്പോള്‍ പ്രചരിപ്പിക്കുന്ന രീതിയില്‍ സര്‍ക്കാരിന്റെ മദ്യനയവുമായി ബന്ധപ്പെട്ടതോ ബാര്‍ ഉടമകളുടേതു മാത്രമായുള്ളതോ അല്ലെന്നു അദേഹം വ്യക്തമാക്കി.

വെഡിങ് ഡെസ്റ്റിനേഷനായി കേരളത്തെ ഉയര്‍ത്തുന്നതിനു നേരിടുന്ന തടസങ്ങള്‍, ദീര്‍ഘകാലമായി ടൂറിസം ഇന്‍ഡസ്ട്രി നേരിടുന്ന പ്രശനങ്ങള്‍ തുടങ്ങിയ വിഷയങ്ങളാണു യോഗത്തില്‍ പങ്കെടുത്ത ടൂറിസം മേഖലയിലെ വിവിധ സംഘടനകളുടെയും കൂട്ടായ്മകളുടെയും നേതൃത്വത്തിലുള്ളവര്‍ ഉന്നയിച്ചത്.

ഈ വിഷയങ്ങളില്‍ ഏതെങ്കിലും തരത്തിലുള്ള ശുപാര്‍ശകളോ അഭിപ്രായങ്ങളോ തീരുമാനങ്ങളോ ടൂറിസം ഡയറക്ടറേറ്റില്‍ നിന്നു സര്‍ക്കാരിലേക്കു നല്‍കിയിട്ടില്ലെന്നും ഡയറക്ടര്‍ വ്യക്തമാക്കി.

ടൂറിസം മേഖലയുടെ വികസനത്തില്‍ റിസോര്‍ട്ടുകള്‍, ഹോട്ടലുകള്‍, ഹൗസ് ബോട്ടുകള്‍, ഇവന്റ് മാനേജ്മെന്റ് ഗ്രൂപ്പുകള്‍ എന്നിവര്‍ വഹിക്കുന്ന പങ്കു വലുതാണ്. അതിനാല്‍ ടൂറിസം മേഖലയിലെ സ്റ്റേക് ഹോള്‍ഡേഴ്‌സിന്റെ പ്രതിനിധികളുടെ യോഗങ്ങള്‍ കൃത്യമായ ഇടവേളകളില്‍ ടൂറിസം ഡയറക്ടറേറ്റിലെ ഉദ്യോഗസ്ഥര്‍ വിളിച്ചു ചേര്‍ക്കാറുള്ളതാണ്.

കേരള ട്രാവല്‍ മാര്‍ട്ട് സൊസൈറ്റി അടക്കമുള്ള ഈ മേഖലയിലെ സംഘടനകള്‍ മുന്നോട്ടുവച്ച വിവിധ ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്യാനാണു സ്റ്റേക് ഹോള്‍ഡേഴ്‌സിന്റെ യോഗം മേയ് 21നു ടൂറിസം ഡയറക്ടര്‍ വിളിച്ചു ചേര്‍ത്തത്. ഇപ്രകാരം യോഗം വിളിച്ചു ചേര്‍ത്തത് ടൂറിസം മന്ത്രിയുടെ നിര്‍ദേശപ്രകാരമല്ല.

കേരള ട്രാവല്‍ മാര്‍ട്ട് സൊസൈറ്റി, ഇവന്റ് മാനേജ്മെന്റ് അസോസിയേഷന്‍, ഹൗസ് ബോട്ട് അസോസിയേഷന്‍, ഫെഡറേഷന്‍ ഓഫ് കേരള ഹോട്ടല്‍സ് അസോസിയേഷന്‍, സൗത്ത് കേരള ഹോട്ടല്‍ ഫെഡറേഷന്‍, അസോസിയേഷന്‍ ഓഫ് അപ്രൂവ്ഡ് ആന്‍ഡ് ക്ലാസിഫൈഡ് ഹോട്ടല്‍സ് ഓഫ് കേരള, കേരള ടൂറിസം ഡെവലപ്‌മെന്റ് അസോസിയേഷന്‍ എന്നിവരാണു യോഗത്തില്‍ പങ്കെടുത്തത്.

യോഗത്തില്‍ പങ്കെടുത്തവരുടെ വിശദാംശങ്ങളില്‍ നിന്നു തന്നെ ഇതു ബാര്‍ ഉടമകളുടെ മാത്രമായതോ ഇപ്പോള്‍ പ്രചരിപ്പിക്കും പ്രകാരം സര്‍ക്കാരിന്റെ മദ്യ നയവുമായി ബന്ധപ്പെട്ടതോ ആയ പ്രത്യേക യോഗം അല്ല എന്നത് വളരെ വ്യക്തമാണ്.

ടൂറിസം വകുപ്പിന്റെ ഡയറക്ടര്‍ എന്ന നിലയില്‍ മേഖലയിലെ വിഷയങ്ങള്‍ പഠിക്കാന്‍ ഡയറക്ടറുടെ തലത്തില്‍ യോഗങ്ങള്‍ കൂടുന്ന പതിവുണ്ട്. അത്തരം യോഗങ്ങള്‍ ഉദ്യോഗസ്ഥ തലത്തില്‍ നടത്തുകയാണ് പതിവ്. അപ്രകാരം ഒരു സ്റ്റേക് ഹോള്‍ഡര്‍ മീറ്റിംഗ് മാത്രമാണ് മേയ് 21ന് കൂടിയിട്ടുള്ളത്.

യോഗ നോട്ടീസില്‍ വിഷയം ചുരുക്കി പരാമര്‍ശിക്കേണ്ടതുള്ളതിനാല്‍ വിവിധ സംഘടനകള്‍ ഉന്നയിച്ച വിഷയങ്ങളില്‍ ഒന്ന് ഉള്‍പ്പെടുത്തിയിരുന്നു. ഇതിനെ ദുര്‍വ്യാഖ്യാനം ചെയ്ത് മറ്റു വകുപ്പുകളില്‍ ടൂറിസം വകുപ്പ് കൈകടത്തുന്നു എന്ന തരത്തില്‍ ഉന്നയിച്ച ആരോപണത്തിന് അടിസ്ഥാനം ഇല്ല.

ഉയര്‍ന്നുവന്ന വിഷയങ്ങള്‍ ടൂറിസം വ്യവസായമായവുമായി ബന്ധപ്പെട്ട സംഘടനകള്‍ ദീര്‍ഘകാലമായി ഉന്നയിച്ചു വരുന്നതാണ്. എന്നാല്‍ ഇക്കാര്യങ്ങളില്‍ ഒരു നിലപാടും ബന്ധപ്പെട്ട വകുപ്പുകളെ അറിയിച്ചിട്ടില്ല. കൂടാതെ, മദ്യനയവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന മറ്റു വാര്‍ത്തകളുമായോ, ചില വ്യക്തികള്‍ നടത്തിയ പരാമര്‍ശങ്ങളുമായോ ടൂറിസം ഡയറക്ടറേറ്റിന് യാതൊരുവിധ ബന്ധവുമുള്ളതല്ലെന്നും ഡയറക്ടര്‍ അറിയിച്ചു

അതേസമയം, മദ്യനയത്തില്‍ ചര്‍ച്ച നടത്താന്‍ കഴിഞ്ഞ ചൊവ്വാഴ്ച ടൂറിസം വകുപ്പ് ഓണ്‍ലൈനായി വിളിച്ച യോഗത്തില്‍ ബാറുടമകള്‍ പങ്കെടുത്തിട്ടുണ്ട്. ഇതിന്റെ തെളിവ് തന്റെ കൈവശം ഉണ്ടെന്നും സതീശന്‍ പറഞ്ഞു.

Read more

അന്നത്തെ യോഗത്തില്‍ ഡ്രൈഡേ മാറ്റുന്നതിനെക്കുറിച്ചും ബാറിന്റെ സമയപരിധി വര്‍ധിപ്പിക്കുന്നതിനെക്കുറിച്ചും ചര്‍ച്ച നടന്നിട്ടുണ്ട്. ഇതിന് തുടര്‍ച്ചയായാണ് പണപ്പിരിവിന് നിര്‍ദേശം നല്‍കിയതെന്നും സതീശന്‍ പറഞ്ഞു.