എറണാകുളം ശിവക്ഷേത്രോത്സവത്തിന്‍റെ കൂപ്പണ്‍ വിതരണ ഉദ്ഘാടനത്തിന് ദിലീപ്; പ്രതിഷേധം കനത്തതോടെ പരിപാടിയിൽ നിന്ന് ഒഴിവാക്കി

എറണാകുളം ശിവക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചുള്ള പരിപാടിയില്‍ നിന്ന് നടൻ ദിലീപിനെ ഒഴിവാക്കി. കൂപ്പണ്‍ വിതരണത്തിന്റെ ഉദ്ഘാടനമാണ് ദിലീപ് നിര്‍വഹിക്കേണ്ടിയിരുന്നത്. ദിലീപിനെ ക്ഷണിച്ചതിൽ വൻ പ്രതിഷേധം ഉയർന്നതിനെ തുടർന്നാണ് ക്ഷേത്ര ഭരണസമിതിയുടെ തീരുമാനം.

നാളെ വൈകുന്നേരം 6.30-നായിരുന്നു പരിപാടി നിശ്ചയിച്ചിരുന്നത്. ജനുവരി 23-നാണ് എറണാകുളം ശിവക്ഷേത്രത്തിലെ ഉത്സവം ആരംഭിക്കുന്നത്. ആദ്യ കൂപ്പൺ ഏറ്റുവാങ്ങാനായി ദിലീപിനെയായിരുന്നു തീരുമാനിച്ചിരുന്നത്. ഇതു സംബന്ധിച്ച നോട്ടീസും പോസ്റ്ററുകളും അച്ചടിച്ചിരുന്നു.

എന്നാൽ, ദിലീപിനെ ഉദ്ഘാടനത്തിനെത്തിക്കുന്നതുമായി ബന്ധപ്പെട്ട് വൻ പ്രതിഷേധം സമിതിക്കുള്ളിൽ തന്നെ ഉയർന്നു. കൊച്ചിൻ ദേവസ്വം ബോർഡിലും അതൃപ്തിയുണ്ടായി. തുടർന്ന് കൂപ്പൺ ഉദ്ഘാടന ചടങ്ങിൽനിന്ന് ദിലീപിനെ മാറ്റുകയായിരുന്നു.