അന്വേഷണ ഉദ്യോഗസ്ഥരെ എങ്ങനെ കൊല്ലണമെന്ന് ദിലീപ് പറഞ്ഞു; തെളിവ് കൈമാറിയെന്ന് ബാലചന്ദ്രകുമാര്‍

അന്വേഷണ ഉദ്യോഗസ്ഥരെ എങ്ങനെ കൊല്ലണമെന്ന് ദിലീപ് പറഞ്ഞതിനുവരെ തെളിവുണ്ടെന്ന് സംവിധായകന്‍ ബാലചന്ദ്രകുമാര്‍. ദിലീപ്, സഹോദരന്‍ അനൂപിന് കൊടുത്ത നിര്‍ദേശത്തിന്റെ ശബ്ദരേഖയും തെളിവുകള്‍ ഉള്‍പ്പെടുന്ന ഉപകരണങ്ങളും അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ടെന്ന് ബാലചന്ദ്രകുമാര്‍ പറഞ്ഞു.

കേസില്‍ ദിലീപ് ഉള്‍പ്പെടെ പ്രതികള്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദം വെള്ളിയാഴ്ചയും തുടരും. കേസ് വീണ്ടും വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.45 ന് ജസ്റ്റീസ് പി. ഗോപിനാഥിന്റെ ബെഞ്ച് പരിഗണിക്കും. നാളെ പ്രോസിക്യൂഷന്‍ വാദമാണ് നടക്കുന്നത്. ഇതിന് ശേഷമാകും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി പറയുക.

നടിയെ ആക്രമിച്ച കേസില്‍ തനിക്കെതിരെ അന്വേഷണ ഉദ്യോഗസ്ഥര്‍ നടത്തിയ ഗൂഢാലോചനയാണ് വധശ്രമക്കേസെന്നായിരുന്നു ദിലീപിന്റെ വാദം. കൃത്രിമ തെളിവുണ്ടാക്കാനുള്ള അന്വേഷണസംഘത്തിന്റെ ശ്രമമാണ് വധഗൂഢാലോചനാക്കേസിനു പിന്നില്‍. അന്വേഷണ സംഘത്തിനു നേതൃത്വം നല്‍കുന്ന എഡിജിപിയും ഉദ്യോഗസ്ഥരുമാണ് തനിക്കെതിരെ ഗൂഢാലോചന നടത്തുന്നതെന്ന് ദിലീപിന്റെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു.