ഭാര്യ ഉന്നയിച്ച ആരോപണങ്ങളിലെ വിവാദവുമായി ബന്ധപ്പെട്ട ചോദ്യത്തിൽ മാധ്യമങ്ങളെക്കുറിച്ച് ക്ഷുഭിതനായി മന്ത്രി കെ. ബി. ഗണേഷ് കുമാർ. അല്പം സ്നേഹം കാണിച്ചപ്പോൾ തന്നെ തിന്നത് രണ്ടു ദിവസമാണ്. സൗഹൃദവും സ്നേഹവും കാട്ടിയപ്പോൾ തന്റെ തലയിൽ കയറി. മാധ്യമങ്ങളോട് ഇനി സംസാരിക്കില്ലന്നും ഗണേഷ് കുമാർ പറഞ്ഞു.
അടുത്ത കാലത്ത് മാധ്യമങ്ങളോട് സൗഹൃദം കാട്ടിയത് തെറ്റായിപ്പോയി. ചോര കുടിക്കാൻ മറ്റാരെയും കിട്ടിയില്ലേ? തന്റെ ചോര കുടിക്കാൻ ആരെയും അനുവദിക്കില്ല എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. തലസ്ഥാനത്തെ കെഎസ്ആർടിസി ആശുപത്രിയുടെ ഉദ്ഘാടനത്തിന് എത്തിയതായിരുന്നു മന്ത്രി.
അതേസമയം ഉദ്ഘാടന ചടങ്ങിൽ ഇത് തന്റെ വിടവാങ്ങൽ പ്രസംഗമായി കണക്കാക്കാമെന്ന് മന്ത്രി പറഞ്ഞു. മന്ത്രിസഭയ്ക്ക് ഇനി കുറച്ചു ദിവസം കൂടി മാത്രമേയുള്ളൂ, താൻ രാജിവെക്കുമെന്ന് കരുതേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാധ്യമപ്രവർത്തകരോട് താൻ നല്ല രീതിയിലാണ് പെരുമാറിയത്. എന്നാൽ എന്നോട് തിരിച്ച് അങ്ങനെയല്ലെന്നും മന്ത്രി പറയുകയുണ്ടായി.







