ധീരജ് കൊലപാതകം: പ്രതികള്‍ക്കായി പൊലീസ് കസ്റ്റഡി അപേക്ഷ നല്‍കി

ഇടുക്കി എന്‍ജിനീയറിംഗ് കോളജിലെ എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ ധീരജ് രാജേന്ദ്രന്റെ കൊലപാതകത്തില്‍ പ്രതികള്‍ക്കായുള്ള കസ്റ്റഡി അപേക്ഷ പൊലീസ് നല്‍കി. രണ്ട് പ്രതികളേയും 10 ദിവസത്തേക്ക് കസ്റ്റഡിയില്‍ ആവശ്യപ്പെട്ടാണ് കോടതിയില്‍ അപേക്ഷ നല്‍കിയിരിക്കുന്നത്. ഇടുക്കി ഒന്നാം ക്ലാസ് ജുഡിഷ്യല്‍ മജിസ്ട്രറ്റ് കോടതിയാണ് അപേക്ഷ പരിഗണിക്കുക. കസ്റ്റഡി അപേക്ഷ നാളെ പരിഗണിച്ചേക്കും. അതേസമയം പ്രതികളുടെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും.

കേസില്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ നിഖില്‍ പൈലിയുടേയും, ജെറിന്‍ ജോജോയേയും അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. കൂടുതല്‍ അന്വേഷണം നടത്താനായി ഇവരെ കസ്റ്റഡിയില്‍ വിട്ട് നല്‍കണമെന്നാണ് ആവശ്യം. കൊലയ്ക്ക് ഉപയോഗിച്ച കത്തി പൊലീസിന് കണ്ടെത്താനായിട്ടില്ല. കേസില്‍ കൂടുതല്‍ തെളിവെടുപ്പ് നടത്തേണ്ടതുണ്ട്. ഒളിവിലുള്ള മറ്റ് പ്രതികള്‍ക്കായി പൊലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കി.

അതേസമയം സംഭവത്തില്‍ സി.പി.എമ്മിനെതിരെ ആരോപണങ്ങളുമായി ഇടുക്കി ഡി.സി.സി രംഗത്തെത്തി. സി.പി.എമ്മിന്റെ തിരക്കഥയ്ക്ക് അനുസരിച്ച് പൊലീസ് പ്രവര്‍ത്തിക്കുകയാണ് എന്നായിരുന്നു ആരോപണം.

ധീരജിന്റെ കൊലപാതകം കെ. സുധാകരന്‍ ന്യായീകരിക്കുകയാണെന്നും, കലാപത്തിന് ആഹ്വാനം ചെയ്യുകയാണെന്നും ഡി.വൈ.എഫ്.ഐ ആരോപിച്ചിരുന്നു. ധീരജിനെ കൊലപ്പെടുത്തിയ നിഖില്‍ പൈലി കെ.എഫ് ബ്രിഗേഡ് തലവനാണെന്നും കൊലപാതകിയെ തള്ളിപ്പറയാന്‍ കെ. സുധാകരന്‍ തയ്യാറാകുന്നില്ലെന്നും ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ.സനോജ് പറഞ്ഞു.