ധീരജ് കൊലപാതകം: പ്രതിപക്ഷ നേതാവിന്റെ സുരക്ഷ വര്‍ദ്ധിപ്പിച്ചു

പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ സുരക്ഷ വര്‍ദ്ധിപ്പിച്ചു. ഇത് സംബന്ധിച്ച് ജില്ലാ പൊലീസ് മേധാവികള്‍ക്ക് ഡിജിപി രേഖാമൂലം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പ്രാദേശിക പരിപാടികള്‍ക്ക് ഉള്‍പ്പെടെ എക്സ്‌കോര്‍ട്ട് വേണമെന്നാണ് പറഞ്ഞിരിക്കുന്നത്. നിലവിലെ രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ പഞ്ചാത്തലത്തില്‍ വി.ഡി സതീശനും, കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരനും സുരക്ഷ ശക്തിപ്പെടുത്തണമെന്ന് ഇന്റലിജന്‍സ് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് നടപടി.

ഇടുക്കി എന്‍ജിനീയറിംഗ് കോളജില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ ധീരജ് കൊല്ലപ്പെട്ടതിന് പിന്നാലെ സംസ്ഥാനത്ത് ഉടനീളം അക്രമസംഭവങ്ങള്‍ നടന്നിരുന്നു. ഈ സാഹചര്യം കണക്കിലെടുത്താണ് സുരക്ഷ ഉറപ്പാക്കുന്നത്. ആവശ്യമായ സുരക്ഷയും എസ്‌കോര്‍ട്ടും പൈലറ്റും നല്‍കണം. വി.ഡി സതീശന്‍ പങ്കെടുക്കുന്ന പരിപാടികളില്‍ കൂടുതല്‍ പൊലീസിനെ വിന്യസിക്കും.

കഴിഞ്ഞ ദിവസം കെ. സുധാകരനും സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. ഗണ്‍മാന് പുറമെ കമാന്‍ഡോ സുരക്ഷയും, പൊതുസമ്മേളനങ്ങളില്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് നിരീക്ഷണവും, വീടിന് പൊലീസ് കാവലും വേണമെന്നാണ് ഇന്റലിജന്‍സ് നിര്‍ദ്ദേശിച്ചത്. കണ്ണൂരില്‍ പൊലീസ് ജാഗ്രതാ നിര്‍ദ്ദേശം നിലനില്‍ക്കുന്നുണ്ട്.

എസ്.എഫ്.ഐ പ്രവര്‍ത്തകന്റെ കൊലപാതകത്തിന് പിന്നാലെ കോണ്‍ഗ്രസ് ഓഫീസുകള്‍ക്ക് നേരെ ആക്രമണം ഉണ്ടായിരുന്നു. കോണ്‍ഗ്രസിന്റെ കൊടിമരങ്ങള്‍ നശിപ്പിച്ചു. കൊയിലാണ്ടിയില്‍ കോണ്‍ഗ്രസ് ഓഫീസിന് നേരെ ആക്രമണമുണ്ടായി. ജനല്‍ച്ചില്ലുകള്‍ തകര്‍ത്തു. കണ്ണൂരില്‍ തൃച്ഛംബരം പട്ടപാറയിലെ കോണ്‍ഗ്രസ് ഓഫീസായ പ്രിയദര്‍ശിനി മന്ദിരം അടിച്ചു തകര്‍ത്തു. തളിപ്പറമ്പ് കോണ്‍ഗ്രസ് മന്ദിരത്തിന് നേരെ കല്ലേറുണ്ടായി.

ചക്കരക്കല്ല് എടക്കാട് കതിരുര്‍ എന്നിവിടങ്ങളിലെ കോണ്‍ഗ്രസിന്റെ വെയിറ്റിംഗ് ഷെല്‍ട്ടറുകള്‍, ക്ലബുകള്‍ എന്നിവയും തകര്‍ത്തു. വിലാപ യാത്ര വന്ന് വഴിയിലേയും കോണ്‍ഗ്രസ് സ്തൂപങ്ങളും കൊടിമരങ്ങളും തകര്‍ത്ത നിലയിലാണ്. മലപ്പുറത്ത് അടക്കം വിവിധ സ്ഥലങ്ങളില്‍ കോണ്‍ഗ്രസ് സിപിഎം പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടായി.