'സി.എ.ജി റിപ്പോർട്ടിലെ പരാമർശങ്ങൾ പറയേണ്ട ഫോറങ്ങളിൽ വിശദീകരിക്കും' : ബെഹ്റയെ മാറ്റുമോ എന്നതിന് പിണറായിയുടെ മറുപടി 'ചിരി'

കേരള പൊലീസ്ന്റെ പരാമർശങ്ങളുള്ള സിഎജി റിപ്പോർട്ടിനെ കുറിച്ച് പ്രതികരിക്കാതെ മുഖ്യമന്ത്രി പിണറായി വിജയൻ. ഡിജിപി ലോക്നാഥ് ബെഹ്‍റയും എഡിജിപി മനോജ് എബ്രഹാമുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. താൻ ഇതിൽ എന്തെങ്കിലും പ്രതികരണം നടത്തുന്നത് ചട്ടലംഘനമാകും എന്നായിരുന്നു ഡിജിപിയുടെ പ്രതികരണം. ഒന്നും പറയാനില്ലെന്നാണ് ചീഫ് സെക്രട്ടറിയും പറഞ്ഞത്.

“സാധാരണ സിഎജി റിപ്പോർട്ടിലെ പരാമർശങ്ങൾ നടപടിക്രമങ്ങളിലൂടെ പരിഹരിക്കാറാണ് പതിവ്. അത് ഇവിടെ പറയേണ്ട കാര്യം തന്നെയില്ല. ഇത് പറയേണ്ട ഫോറങ്ങളിൽ വിശദീകരിക്കും”, എന്നായിരുന്നു പിണറായിയുടെ പ്രതികരണം.

ബെഹ്‍റയെ മാറ്റണമെന്ന തരത്തിലുള്ള പ്രതിപക്ഷ നേതാവിന്‍റെ കത്തുണ്ടല്ലോ എന്ന് ചോദിച്ചപ്പോൾ “എനിക്ക് അത്തരം കത്തൊന്നും കിട്ടിയിട്ടില്ല” എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ബെഹ്‍റയെ മാറ്റുമെന്ന തരത്തിലുള്ള എന്തെങ്കിലും ചർച്ചയുണ്ടോ എന്ന് ചോദിച്ചപ്പോൾ ഒരു ചിരി മാത്രമായിരുന്നു മറുപടി.

പരസ്യമായ പ്രതികരണം ഇക്കാര്യത്തിൽ വേണ്ട എന്ന നിർദ്ദേശമാണ് കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രി സംസ്ഥാന പൊലീസ് മേധാവിക്ക് അടക്കം നൽകിയതെന്നാണ് സൂചന. അതേ സൂചനയാണ് വാർത്താസമ്മേളനത്തിലും മുഖ്യമന്ത്രി നൽകുന്നത്.

പൊലീസ് ഹെഡ് ക്വാർട്ടേഴ്സിന്‍റെ ചുമതലയുള്ള എഡിജിപി മനോജ് എബ്രഹാമും കൂടിക്കാഴ്ചയ്ക്ക് എത്തിയിരുന്നു. പ്രാഥമിക ചർച്ചകൾ മാത്രമാണ് ഇന്നത്തെ കൂടിക്കാഴ്ചയിൽ ഉണ്ടായത്. 15 മിനിറ്റ് മാത്രമായിരുന്നു കൂടിക്കാഴ്ച നീണ്ടത്.

മുഖ്യമന്ത്രിക്ക് സമാനമായ പ്രതികരണം തന്നെയാണ് ഡിജിപി ലോക്നാഥ് ബെഹ്റയും നടത്തിയത്. “”ഞാൻ ഇപ്പോൾ ഇതേക്കുറിച്ച് ഒരു അഭിപ്രായപ്രകടനം നടത്താൻ തയ്യാറല്ല. വ്യക്തിപരമായി ഞാൻ പ്രതികരിക്കാനില്ല. അങ്ങനെ ചെയ്താൽ അത് ചട്ടലംഘനമാകും. പറയാനുള്ളതെല്ലാം ഔദ്യോഗിക വാർത്താക്കുറിപ്പിലൂടെ അറിയിക്കും. ഇതിനി പബ്ലിക് അക്കൗണ്ട്‍സ് കമ്മിറ്റി പരിശോധിക്കും. അത്തരം ഒരു ഫോറത്തിൽ താൻ കൃത്യമായ വിശദീകരണം നൽകാൻ തയ്യാറാണ്. അവിടെ മാത്രമേ പ്രതികരിക്കൂ””, എന്ന് ബെഹ്‍റ.

ചീഫ് സെക്രട്ടറി ടോം ജോസും സിഎജി റിപ്പോർട്ടിനെ കുറിച്ച് പ്രതികരിക്കാൻ തയ്യാറല്ലെന്ന് വ്യക്തമാക്കിയതോടെ, ഔദ്യോഗിക വൃത്തങ്ങളിൽ നിന്ന് ഇതിൽ ഒരു പ്രതികരണവുമുണ്ടാകില്ലെന്ന് വ്യക്തമാകുകയാണ്. അതേസമയം, പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയടക്കമുള്ള എല്ലാ ഫോറങ്ങളിലും കൃത്യമായ വിശദീകരണം നൽകാനും അങ്ങനെ പ്രശ്നം പരിഹരിക്കാനും ഉള്ള ശ്രമത്തിലാണ് സംസ്ഥാന സർക്കാർ.

Read more

കേരളാ പൊലീസിന്‍റെ ആയുധശേഖരത്തിൽ നിന്ന് വെടിക്കോപ്പുകളും ആയുധങ്ങളും കാണാതായെന്ന ഗുരുതരമായ കണ്ടെത്തലാണ് ഇന്നലെ നിയമസഭയുടെ മേശപ്പുറത്ത് വച്ച കംപ്ട്രോളർ ആന്‍റ് ഓഡിറ്റർ ജനറൽ റിപ്പോർട്ടിലുള്ളത്. മുഖ്യമന്ത്രി പിണറായി വിജയന്‍റെ ആഭ്യന്തര വകുപ്പിനെത്തന്നെ പ്രതിരോധത്തിലാക്കുന്ന കണക്കുകളാണ് സിഎജി മുന്നോട്ടു വയ്ക്കുന്നത്. പൊലീസിലെ എസ്ഐമാർക്കും എഎസ്ഐമാർക്കും ക്വാർട്ടേഴ്സ് കെട്ടേണ്ട 2.81 കോടി രൂപ ഉപയോഗിച്ച് ഡിജിപിക്കും എഡിജിപിമാർക്കും ആഢംബര വില്ലകൾ കെട്ടിയെന്ന് ഡിജിപി ലോക്നാഥ് ബെഹ്റയുടെ പേരെടുത്ത് തന്നെ സിഎജി റിപ്പോർട്ടിൽ പറയുന്നു. പൊലീസിന് വേണ്ടിയുള്ള ജിപിഎസ് ഉപകരണങ്ങളും, വോയ്‍സ് ലോഗേഴ്‍സും വാങ്ങിയതിലും അഴിമതിയുണ്ടെന്നാണ് സിഎജി ചൂണ്ടിക്കാട്ടുന്നത്. കെൽട്രോണും പൊലീസും തമ്മിൽ സ്വകാര്യ കമ്പനികൾക്ക് കരാർ മറിച്ചുകൊടുക്കാൻ “അവിശുദ്ധ കൂട്ടുകെട്ടു”ണ്ടെന്ന വാക്കാണ് സിഎജി ഉപയോഗിച്ചത്.