'കറുത്ത മാസ്‌ക് അഴിപ്പിച്ച സംഭവം'; ജില്ലാ എസ്.പിമാരോട് വിശദീകരണം തേടി ഡി.ജി.പി

മുഖ്യമന്ത്രിയുടെ പരിപാടികളില്‍ നിന്നും കറുത്ത മാസ്‌ക് നീക്കം ചെയ്യിപ്പിച്ച സംഭവത്തില്‍ നാല് ജില്ലാ എസ്പിമാരോട് ഡിജിപി അനില്‍കാന്ത് വിശദീകരണം തേടി. കണ്ണൂര്‍, കോഴിക്കോട്, കോട്ടയം, തൃശൂര്‍ എന്നീ ജില്ലകളിലെ എസ്പിമാരോടാണ് വിശദീകരണം തേടിയത്.

തുടര്‍ച്ചയായ ദിവസങ്ങളില്‍ മുഖ്യമന്ത്രിയുടെ സുരക്ഷാ കാരണം ചൂണ്ടികാട്ടിയാണ് ഇത്തരത്തില്‍ കറുത്ത മാസ്‌കിന് വിലക്കേര്‍പ്പെടുത്തിയത്. ഇന്നലെ കണ്ണൂരില്‍ കറുപ്പ് മാസ്‌കിന് വിലക്കുണ്ടായിരുന്നില്ല. കിലയില്‍ മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിയില്‍ കറുത്ത മാസ്‌കും വേഷവും ധരിച്ചവര്‍ സദസ്സിലുണ്ടായിരുന്നു.

‘വിലക്ക്’ വിവാദമായതോടെ മുഖ്യമന്ത്രി ഇന്നലെ വിശദീകരണം നല്‍കിയിരുന്നു. അത്തരത്തില്‍ ഒരു വിലക്ക് ഇല്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികാരണം. കറുത്ത വസ്ത്രത്തിനോ മാസ്‌കിനോ കേരളത്തില്‍ വിലക്കില്ലെന്നും ആരേയും വഴി തടയാന്‍ ശ്രമിച്ചിട്ടില്ലെന്നുമായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്.

കേരളത്തില്‍ ഏതൊരാള്‍ക്കും അവര്‍ക്ക് ഇഷ്ടമുള്ള നിറത്തില്‍ വസ്ത്രം ധരിക്കാം.അതിനെ ആര്‍ക്കും ഹനിക്കാന്‍ കഴിയില്ലെന്നും മുഖ്യമന്ത്രി കണ്ണൂരില്‍ വിശദീകരിച്ചു.