പുറത്തുവന്നതിനേക്കാള്‍ കൊടിയ തട്ടിപ്പാണ് ശബരിമലയില്‍ തന്ത്രിയും കൂട്ടരും നടത്തിയതെന്ന് വ്യക്തമാക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ശബരിമലയിലെ കൊടിമരപ്രതിഷ്ഠയ്ക്കായി കിലോക്കണക്കിന് സ്വര്‍ണം കാണിക്കയായി ലഭിച്ചെന്ന് റിപ്പോര്‍ട്ട്. അഭിഭാഷക കമ്മിഷണര്‍ എഎസ്പി കുറുപ്പിന്റെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കിലോക്കണക്കിന് സ്വര്‍ണ്ണം ഭക്തര്‍ സംഭാവനയായി നല്‍കിയെന്നാണ് കുറുപ്പിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍, ഇത് എത്ര കിലോ ആണെന്നത് വ്യക്തമല്ല. കൊടിമരത്തിന് ഉപയോഗിച്ച സ്വര്‍ണത്തിന്റെ കണക്ക് കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഈ റിപ്പോര്‍ട്ടും ഇപ്പോള്‍ എസ്‌ഐടി നല്‍കിയിരിക്കുന്ന നിലവിലെ റിപ്പോര്‍ട്ടും തമ്മില്‍ പൊരുത്തക്കേട് ഉണ്ട്. ഇതോടെയാണ് കൊടിമര പ്രതിഷ്ഠയിലും വ്യാപക തിരിമറി നടന്നുവെന്ന കാര്യം വ്യക്തമാകുന്നത്.
ശബരിമലയിലെ കൊടിമരപ്രതിഷ്ഠയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ എസ്‌ഐടിയും റിപ്പോര്‍ട്ട് നല്‍കിയിരുന്നു. കൊടിമരപ്രതിഷ്ഠയിലെ സ്വര്‍ണത്തിന്റെ കണക്കുകളില്‍ പൊരുത്തക്കേടുണ്ടെന്നാണ് റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം ഹൈക്കോടതി ദേവസ്വം ബെഞ്ച് വിലയിരുത്തിയിരിക്കുന്നത്. ഭക്തര്‍ നല്‍കിയ പല സ്വര്‍ണക്കണക്കുകളും റെക്കോര്‍ഡില്‍ ഇല്ലെന്നാണ് ഇതില്‍നിന്ന് വ്യക്തമാകുന്നത്. 2018-ല്‍ നല്‍കിയ റിപ്പോര്‍ട്ടുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് സാധൂകരിക്കുന്ന വിവരങ്ങള്‍ ഉണ്ടെന്നാണ് സൂചന.
27 പേര് നല്‍കിയ സ്വര്‍ണം സംബന്ധിച്ച വിവരങ്ങള്‍ റിപ്പോര്‍ട്ടില്‍ ഇല്ലെന്നാണ് ഹൈക്കോടതി കണ്ടെത്തിയിരിക്കുന്നത്. രസീത് നല്‍കിയിട്ടില്ലെന്നും കണ്ടെത്തിയിട്ടുണ്ട്. ഓരോരുത്തരേയും നേരിട്ട് കണ്ട് എത്രത്തോളം സ്വര്‍ണ്ണം നല്‍കി എന്ന് അന്വേഷിക്കാനാണ് ഇപ്പോള്‍ ഹൈക്കോടതി നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. ഇതില്‍ വ്യക്തതയില്ലെങ്കില്‍ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താനുള്ള നിര്‍ദ്ദേശമാണ് കോടതി നല്‍കിയിരിക്കുന്നത്. സംസ്ഥാന വിജിലന്‍സിനാണ് അന്വേഷണച്ചുമതല.
സുരേഷ് ഗോപി, മോഹന്‍ലാല്‍, രഞ്ജി പണിക്കര്‍, രജപുത്ര രഞ്ജിത് അടക്കമുള്ള താരങ്ങളും വ്യവസായികളും ഭക്തരും ശബരിമലയിലേക്ക് സ്വര്‍ണം നല്‍കി. ഇവ വാജി വാഹനത്തിനും അഷ്ടദിക് പാലക പ്രതിമയ്ക്കും ഉപയോഗിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2018 ജൂലായ് ആറിന് കൊടിമരപ്രതിഷ്ഠയുമായി ബന്ധപ്പെട്ട് കണക്കുകളടക്കമുള്ള മുഴുവന്‍ കാര്യങ്ങളും ഉള്‍പ്പെടുത്തി അന്നത്തെ അഭിഭാഷക കമ്മിഷണറായിരുന്ന എഎസ്പി കുറുപ്പ് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. അതേസമയം, താഴികക്കുടങ്ങള്‍ പൊതിയാന്‍ സ്വര്‍ണം അനുവദിച്ചില്ലെന്നും കുറുപ്പിന്റെ റിപ്പോര്‍ട്ടില്‍ പരാതി പറയുന്നുണ്ട്. അഭിഭാഷക കമ്മിഷനും ഉദ്യോഗസ്ഥരും തമ്മില്‍ തര്‍ക്കമുണ്ടായെന്നും റിപ്പോര്‍ട്ടില്‍ ഉണ്ടെന്നാണ് വിവരം.
Read more
കൊടിമരപ്രതിഷ്ഠയ്ക്ക് പുറമെ, ആറ് താഴികക്കുടങ്ങളും സ്വര്‍ണ്ണം പൂശണമെന്ന് നിലപാട് കുറുപ്പ് എടുത്തിരുന്നു. ഇതിനായി ദേവസ്വം ബോര്‍ഡിനോട് 600 ഗ്രാം സ്വര്‍ണ്ണം ആവശ്യപ്പെട്ടു. എന്നാല്‍, അത് നല്‍കാന്‍ വിമുഖത കാണിച്ചു. പിന്നീട് നിര്‍ബന്ധം പിടിച്ചപ്പോള്‍ നല്‍കാന്‍ തയ്യാറായി. വീണ്ടും 200 ഗ്രാം സ്വര്‍ണംകൂടി ആവശ്യപ്പെട്ടപ്പോള്‍ ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥര്‍ തടസ്സംനിന്നു. ഒടുവില്‍ കര്‍ക്കശമായ നിലപാട് താന്‍ സ്വീകരിച്ചു. മറ്റു വഴികളിലൂടെ, ജ്വല്ലറികളില്‍ നിന്നടക്കം സ്വര്‍ണം സ്വരൂപ്പിച്ചെന്നും കുറുപ്പ് റിപ്പോര്‍ട്ടില്‍ പറയുന്നു.







