ഉദ്യോഗസ്ഥര്‍ മര്യാദയ്ക്ക് നിന്നില്ലെങ്കില്‍ കയ്യും കാലും തല്ലി ഒടിക്കും; കയ്യേറ്റം ഒഴിപ്പിച്ച തഹസില്‍ദാരെ ഫോണില്‍ വിളിച്ച് ദേവികുളം എംഎല്‍എയുടെ ഭീഷണി

കയ്യേറ്റം ഒഴിപ്പിച്ചതിന് സ്‌പെഷ്യല്‍ തഹസില്‍ദാരെ ഭീഷണിപ്പെടുത്തി ദേവികുളം എംഎല്‍എ അഡ്വ. എ. രാജ. സ്‌പെഷ്യല്‍ തഹസില്‍ദാര്‍ സി.വി. ഗായത്രിയെയാണ് ഫോണില്‍ വിളിച്ച് എംഎല്‍എ ഭീഷണിപ്പെടുത്തിയത്. ഉദ്യോഗസ്ഥര്‍ മര്യാദയ്ക്ക് നിന്നില്ലെങ്കില്‍ അവരുടെ കൈയും കാലും തല്ലിയൊടിക്കുമെന്നും റവന്യൂ ഉദ്യോഗസ്ഥര്‍ അടിമകളെപ്പോലെയാണ് പെരുമാറുന്നതെന്നും എംഎല്‍എ ഭീഷണിപ്പെടുത്തുന്ന ഓഡിയോയും പുറത്തുവന്നു. നിയമപരമായി മുന്നോട്ട് പോകുമെന്ന് സ്‌പെഷ്യല്‍ തഹസില്‍ദാര്‍ സി.വി. ഗായത്രി പ്രതികരിച്ചു.

സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമി കയ്യേറി നടത്തുന്ന നിര്‍മ്മാണങ്ങള്‍ക്ക് ഉദ്യോഗസ്ഥര്‍ നേരത്തെ സ്റ്റോപ്പ് മെമ്മോ നല്‍കിയിരുന്നു. എന്നാല്‍ അവധി ദിവസങ്ങളില്‍ പോലും ഇത് ലംഘിച്ച് നിര്‍മ്മാണം തുടര്‍ന്നപ്പോള്‍, നിര്‍മ്മാണങ്ങള്‍ പൊളിച്ചുനീക്കുമെന്ന് ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കി. ഈ നടപടികള്‍ക്കെതിരെയാണ് എ രാജ എംഎല്‍എ രംഗത്തെത്തിയത്. സംഭവം വിവാദമായതോടെ ബുള്‍ഡോസര്‍ ഉപയോഗിച്ച് കെട്ടിടം ഇടിച്ചു തകര്‍ക്കുമെന്ന് കൈക്കൂലി വാങ്ങി സാധാരണക്കാരെ ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തുന്ന സാഹചര്യത്തിലാണ് ഇത്തരത്തില്‍ പ്രകോപിതനായി സംസാരിക്കേണ്ടി വന്നതെന്നാണ് എംഎല്‍എയുടെ വാദം.

Read more

സധാരണക്കാരെ ഭീഷണിപ്പെടുത്തിയെന്ന് ആരോപിക്കുമ്പോഴും ആരാണ് കൈക്കൂലി വാങ്ങിയതെന്ന ചോദ്യത്തിന് എംഎല്‍എയ്ക്ക് മറുപടിയില്ല. പണമില്ലെങ്കില്‍ ഒന്നും നടക്കില്ലെന്ന അവസ്ഥയാണെന്നും തഹസില്‍ദാര്‍ക്ക് കീഴിലുള്ള ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങുന്നുണ്ടെന്നും എ രാജ ആരോപിച്ചു. എന്നാല്‍ ആരാണ് കൈക്കൂലി വാങ്ങിയത് എന്ന ചോദ്യത്തിന് വ്യക്തമായ മറുപടി നല്‍കാന്‍ എംഎല്‍എ തയ്യാറായില്ല. ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങുന്നുണ്ടെങ്കില്‍ അതിനെതിരെ വിജിലന്‍സിനോ പോലീസിനോ പരാതി നല്‍കുന്നതിന് പകരം ഭീഷണി മുഴക്കുന്നത് അംഗീകരിക്കാനാവില്ലെന്ന വിമര്‍ശനം ശക്തമാണ്.