പരിഹാസവും വിമർശനവും ഉയർന്നു, രാജഭക്തി തുളുമ്പിയ ക്ഷേത്രപ്രവേശന വാര്‍ഷിക നോട്ടീസ് പിൻവലിച്ച് ദേവസ്വം ബോർഡ്

പരിഹാസവും വിമർശനവും വ്യാപകമായതോടെ സംസ്ഥാന സാംസ്കാരിക- പുരാവസ്തു വകുപ്പും ദേവസ്വം ബോർഡും ചേർന്ന് പുറത്തിറക്കിയ ക്ഷേത്രപ്രവേശന വിളംബര വാര്‍ഷിക ദിനാഘോഷത്തിന്റെ നോട്ടീസ് പിൻവലിച്ചു. നോട്ടീസിൽ ഉപയോഗിച്ചിരിക്കുന്ന ഭാഷയും ചില പരാമർശങ്ങളുമാണ് വിമർശകർ ചൂണ്ടിക്കാണിച്ചത്. തിരുവിതാംകൂര്‍ രാജകുടുംബത്തെ അതിരുവിട്ട് പുകഴ്ത്തുന്നതും ക്ഷേത്രപ്രവേശന വിളംബരം ശ്രീചിത്തിര തിരുനാളിന്റെ നേട്ടമെന്ന നിലയിൽ അവതരിപ്പിച്ചതുമാണ് വിമർശനങ്ങൾക്ക് കാരണമായത്.

ക്ഷേത്രപ്രവേശന വിളംബരത്തിന്റെ 87 ആം വാര്‍ഷികമാണ് തിങ്കളാഴ്ച. ഇത് ആഘോഷിക്കാനായി ദേവസ്വം ബോര്‍ഡ് തയാറാക്കിയ നോട്ടീസാണ് വ്യാപകമായി പ്രചരിച്ചത്. ‘ശ്രീ ചിത്തിര തിരുനാൾ മഹാരാജാവ് തിരുമനസ്സ് കൊണ്ട് തുല്യം ചാർത്തിയ ക്ഷേത്ര പ്രവേശന വിളംബരദിവസം’ എന്ന് പറഞ്ഞാണ് നോട്ടീസ് ആരംഭിക്കുന്നത്. ചരിത്രത്തെ വളച്ചൊടിക്കുന്ന തരത്തിലാണ് ഈ പരാമർശം നടത്തിയിട്ടുള്ളത് എന്നാണ് പ്രധാന ആക്ഷേപം.

തിരുവതാംകൂറിലെ ദളിത് പിന്നാക്ക ജനവിഭാഗങ്ങൾ നിരന്തരം സമരം ചെയ്തും രക്ത സാക്ഷിത്വം വഹിച്ചും നേടിയെടുത്ത ക്ഷേത്ര പ്രവേശ അനുമതിയെ മഹാരാജാവിന്റെ ദയ എന്ന തരത്തിലാണ് നോട്ടീസിൽ കൊടുത്തിട്ടുള്ളതെന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു. നോട്ടീസിലെ രാജവര്‍ണനകള്‍ ഇനിയുമുണ്ട്. കവടിയാര്‍ കൊട്ടാരത്തിലെ ഗൗരിപാര്‍വതി ഭായിയെയും ഗൗരിലക്ഷമി ഭായിയേയും, ‘ജനക്ഷേമകരങ്ങളായ അനേകം പ്രവര്‍ത്തനങ്ങള്‍കൊണ്ടും ലളിതമധുരമായ സ്വഭാവവൈശിഷ്ട്യംകൊണ്ടും മഹാജനങ്ങളുടെ സ്നേഹ ബഹുമാനാദികള്‍ക്ക് പാത്രീഭവിച്ച തിരുവിതാംകൂറിലെ രാജ്ഞിമാര്‍’ എന്നാണ് വിശേഷിപ്പിച്ചിരുന്നത്.

മന്ത്രിമാരെയോ ജനപ്രതിനിധികളേയോ ക്ഷണിക്കാത്ത ചടങ്ങ് ഉദ്ഘാടനം ചെയ്യുന്നത് ദേവസ്വംബോര്‍ഡ് പ്രസിഡന്റ് കെ അനന്തഗോപനും ഭദ്രദീപം തെളിയിക്കുന്നത് കവടിയാര്‍ കൊട്ടാര അംഗങ്ങളും ആണ്. ഇനി ചടങ്ങിനായി ക്ഷണം ലഭിച്ചിരിക്കുന്നതാവട്ടെ, ഭക്തജനങ്ങൾക്കും ദേവസ്വം ഉദ്യോഗസ്ഥർക്കും മാത്രം. ദേവസ്വത്തിലെ വനിതകള്‍ക്ക് ക്ഷണമില്ല.

ഒരു ജനാധിപത്യ ഭരണ സംവിധാനമുള്ള സമൂഹത്തിൽ ഇങ്ങനെ ഒരു വിജ്ഞാപനം ഔദ്യോഗിക സ്വഭാവത്തിൽ പുറത്ത് വരുന്നത് അപലപനീയമെന്ന് പലരും ചൂണ്ടിക്കാട്ടി. രാജകുടുംബാംഗങ്ങളെ തമ്പുരാട്ടിമാർ എന്ന് വിശേഷിപ്പിച്ച് തിരുവിതാംകൂറിലെ പഴയ രാജവംശത്തെ പുന:സ്ഥാപിക്കുവാൻ സർക്കാർ മുതിരുകയാണോ എന്നും സാമൂഹ്യ മാധ്യമങ്ങളിൽ ചോദ്യമുയർന്നിരുന്നു.

സാംസ്കാരിക പുരാവസ്തു വകുപ്പ് ഡയറക്ടർ ബി മസൂദനൻ നായരുടെ പേരിലായിരുന്നു നോട്ടീസ് പുറത്തിറക്കിയിരുന്നത്. എന്തായാലും ചരിത്രത്തെ വളച്ചൊടിക്കാൻ നടത്തിയ ശ്രമത്തിനെതിരെയുള്ള പ്രതിഷേധങ്ങൾ ഫലം കാണുകയും നോട്ടീസ് പിൻവലിച്ച് ദേവസ്വം ബോര്‍ഡ് നോട്ടീസ് തടിയൂരുകയും ചെയ്തു.