അന്തരിച്ച മുൻ മുഖ്യമന്ത്രിയും മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ വി എസ് അച്യുതാനന്ദനെ ഒരുനോക്ക് കാണാൻ ആലപ്പുഴയിലേക്ക് ഇരച്ചെത്തുകയാണ് ജനക്കൂട്ടം. ആലപ്പുഴ ഡിസി ഓഫീസിലെ പൊതുദർശനം തുടരുമ്പോഴും നിരവധി ആളുകളാണ് തങ്ങളുടെ സഖാവിനെ കാണാനായി ഇങ്ങോട്ടേക്ക് ഒഴുകിയെത്തുന്നത്. പുലർച്ചെ എത്തിയ പലർക്കും ഇതുവരെയും വിഎസിനെ കാണാൻ പോലും കഴിഞ്ഞിട്ടില്ല.
ഡിസി ഓഫീസിലെ പൊതുദർശന സമയം ചുരുക്കിയിട്ടും വിഎസിനെ അവസാനമായി ഒരുനോക്ക് കാണാൻ തടിച്ച് കൂടിയിരിക്കുകയാണ് ജനങ്ങൾ. കണ്ഠമിടറി മുദ്രാവാക്യം വിളിച്ച് തങ്ങളുടെ പ്രിയ നേതാവിനെ അവസാനമായി ഒരു നോക്ക് കാണാനായി ജനസാഗരമാണ് ഒഴുകിയെത്തുന്നത്. ഡിസി ഓഫീസിലെ പൊതുദർശനം കഴിഞ്ഞാൽ ഉടൻ ബീച്ചിലെ റിക്രിയേഷൻ ഗ്രൗണ്ടിൽ പൊതുദർശനം ഉണ്ടാകും. പിന്നീട് വലിയ ചുടുകാട്ടില്‍ സംസ്‌കാരം നടത്തും.