സംസ്ഥാന നേതാക്കള്‍ എത്തിയിട്ടും ജില്ലയിലെ പ്രമുഖ നേതാക്കള്‍ പ്രവര്‍ത്തിച്ചില്ല; അതൃപ്തിയറിച്ച് എം. സ്വരാജ്, സി.പി.ഐ.എം അച്ചടക്കനടപടിയിലേക്ക്

തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലെ പരാജയ കാരണങ്ങള്‍ കണ്ടെത്താനുള്ള സിപിഐഎമ്മിന്റെ ശ്രമങ്ങള്‍ക്കിടെയില്‍ ജില്ലയിലെ നേതാക്കള്‍ക്ക് എതിരെ അതൃപ്തി അറിയിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജ്. സംസ്ഥാന നേതാക്കളില്‍ ഭൂരിഭാഗം പേരും മണ്ഡലത്തില്‍ എത്തിയിട്ടും ജില്ലയിലെ പ്രമുഖ നേതാക്കള്‍ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ഇറങ്ങാത്തതിലുള്ള അതൃപ്തി സ്വരാജ് സംസ്ഥാന നേതൃത്വത്തെ അറിയിച്ചു.

സ്ഥാനാര്‍ത്ഥി നിര്‍ണയം മുതല്‍ തന്നെ ജില്ലാ നേതാക്കളും ജില്ലയിലെ സംസ്ഥാന സമിതി അംഗങ്ങളും രണ്ട് തട്ടിലായിരുന്നു. ജില്ലാ സെക്രട്ടറിയേറ്റ് നിശ്ചയിച്ച സ്ഥാനാര്‍ത്ഥിയെ മാറ്റി പുതിയ സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കാന്‍ ജില്ലയില്‍ നിന്നുള്ള എട്ട് സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍ ശ്രമിച്ചെന്നും ആരോപണങ്ങളുണ്ട്.

അതേസമയം വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്ന കാര്യത്തില്‍ പരാജയപ്പെട്ടു എന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. പുതിയ വോട്ടര്‍മാരെ ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് ബ്രാഞ്ച്, ലോക്കല്‍ സെക്രട്ടിമാര്‍ക്ക് തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ നോട്ടീസ് നല്‍കിയിട്ടുണ്ടായിരുന്നു. എന്നാല്‍ വോട്ടര്‍ പട്ടികയില്‍ ആളുകളെ ചേര്‍ത്തിട്ടില്ലെന്ന് ജില്ലാ സെക്രട്ടേറിയറ്റിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

കഴിഞ്ഞ തവണ തിരഞ്ഞെടുപ്പില്‍ പരാജയം നേരിട്ടപ്പോള്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗമായ സി കെ മണിശങ്കറിനെതിരെയും മറ്റ് നേതാക്കള്‍ക്ക് എതിരെയും നടപടി സ്വീകരിച്ചിരുന്നു. ഇപ്രാവശ്യം വന്‍ പരാജയം നേരിട്ട സാഹചര്യത്തില്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങള്‍ ഉള്‍പ്പെടെ ഇരുപതോളം നേതാക്കള്‍ക്കെതിരെ നടപടിയുണ്ടായേക്കുമെന്നാണ് സൂചന.