'കോണ്‍ഗ്രസ് തകര്‍ച്ച ഒഴിവാക്കാന്‍ പപ്പു സ്‌ട്രൈക്ക്': ദേശാഭിമാനി എഡിറ്റോറിയലിനെതിരെ രൂക്ഷവിമര്‍ശനം

ലോക്സഭാ തിരഞ്ഞെടുപ്പില്‍ വയനാട് മണ്ഡലത്തില്‍ മത്സരിക്കുന്ന കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പപ്പുവെന്ന് കളിയാക്കി സി.പി.എം മുഖപത്രം ദേശാഭിമാനിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. “കോണ്‍ഗ്രസ് തകര്‍ച്ച ഒഴിവാക്കാന്‍ പപ്പു സ്‌ട്രൈക്ക്” എന്ന തലക്കെട്ടോടെയാണ് ഇന്ന് പുറത്തിറങ്ങിയ ദേശാഭിമാനിയുടെ എഡിറ്റോറിയല്‍.

വയനാട് മണ്ഡലത്തില്‍ രാഹുല്‍ ഗാന്ധി മത്സരിക്കുമെന്ന് ഉറപ്പായതോടെയാണ് അദ്ദേഹത്തെ പരിഹസിച്ച് എഡിറ്റോറിയല്‍ എഴുതിയിരിക്കുന്നത്. അതേസമയം, ദേശാഭിമാനിയുടെ ഈ നീക്കത്തിനെതിരെ സോഷ്യല്‍ മീഡിയയിലടക്കം വ്യാപക പ്രതിഷേധം ഉയര്‍ന്നു. ഒരു നനഞ്ഞ പടക്കമായി മാത്രമേ രാഹുലിന്റെ വയനാട്ടിലുള്ള മത്സരത്തെ കാണാനാവുകയുള്ളുവെന്നാണ് ദേശാഭിമാനി മുഖപ്രസംഗത്തില്‍ വിമര്‍ശിക്കുന്നത്.

ആലങ്കാരികമായി പറഞ്ഞാല്‍ ഒരു പപ്പുസ്‌ട്രൈക്ക് ആണ് കോണ്‍ഗ്രസിന്റേത്. അത് അവരുടെ നാശം പൂര്‍ണമാക്കുമെന്നും എഡിറ്റോറിയല്‍ വ്യക്തമാക്കുന്നു. ഇത് കൂടാതെ വയനാട്ടില്‍ മത്സരിക്കാനുള്ള രാഹുലിന്റേയും കോണ്‍ഗ്രസിന്റെയും തീരുമാനത്തിനെതിരെ കടുത്ത വിമര്‍ശനങ്ങളും ഉന്നയിക്കുന്നുണ്ട്.

രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നതിലൂടെ കോണ്‍ഗ്രസ് നല്‍കുന്ന സന്ദേശമെന്താണ് എന്ന് സീതാറാം യെച്ചൂരിയുടെയും പിണറായി വിജയന്റെയും ചോദ്യത്തിന് മറുപടി പറയാനുള്ള ബാധ്യത കോണ്‍ഗ്രസിനുണ്ടെന്നും ദേശാഭിമാനി എഡിറ്റോറിയലില്‍ എഴുതി. എന്നാല്‍, രാഹുലിനെ പപ്പു എന്ന് വിശേഷിപ്പിച്ചതാണ് കോണ്‍ഗ്രസിനെ ചൊടിപ്പിച്ചത്.