ദേശാഭിമാനി വ്യാജ വാര്‍ത്ത; മാനനഷ്ട കേസ് ഫയല്‍ ചെയ്ത് മറിയക്കുട്ടി

തനിക്കെതിരെ വ്യാജ വാര്‍ത്ത നല്‍കിയ ദേശാഭിമാനിയ്‌ക്കെതിരെ മാനനഷ്ട കേസ് ഫയല്‍ ചെയ്ത് മറിയക്കുട്ടി. അടിമാലി ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. ക്ഷേമ പെന്‍ഷന്‍ മുടങ്ങിയതിനെ തുടര്‍ന്ന് മറിയക്കുട്ടിയും അന്നയും തെരുവില്‍ ഭിക്ഷ യാചിച്ച സംഭവം വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു.

ഇതിന് പിന്നാലെ മറിയക്കുട്ടിയ്ക്ക് ലക്ഷങ്ങളുടെ ആസ്തിയുണ്ടെന്നും മകള്‍ വിദേശത്താണെന്നും സ്വന്തമായി രണ്ട് വീടുകളുണ്ടെന്നും ആരോപിച്ച് ദേശാഭിമാനി വാര്‍ത്ത നല്‍കിയത്. തുടര്‍ന്ന് മറ്റ് മാധ്യമങ്ങള്‍ മറിയക്കുട്ടിയുടെ യഥാര്‍ത്ഥ സ്ഥിതി പുറത്ത് കൊണ്ടുവന്നതിന് പിന്നാലെ തെറ്റായ വാര്‍ത്ത നല്‍കിയ സംഭവത്തില്‍ ദേശാഭിമാനി ഖേദ പ്രകടനം നടത്തിയിരുന്നു.

വിദേശത്താണെന്ന് ദേശാഭിമാനി വാര്‍ത്ത നല്‍കിയ മറിയക്കുട്ടിയുടെ മകള്‍ അടിമാലിയില്‍ ലോട്ടറി കച്ചവടം നടത്തുകയാണ്. വ്യാജ പ്രചരണം നടത്തിയവര്‍ക്ക് ശിക്ഷയും തനിക്ക് നഷ്ടപരിഹാരവും നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് മറിയക്കുട്ടി നിലവില്‍ മാനനഷ്ട കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. പത്ത് പേരെ കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്. ദേശാഭിമാനി ചീഫ് എഡിറ്ററും ന്യൂസ് എഡിറ്ററുമാണ് കേസില്‍ എതിര്‍ കക്ഷികള്‍. നീതി ലഭിക്കുന്നത് വരെ കേസില്‍ നിന്ന് പിന്നോട്ടില്ലെന്നും മറിയക്കുട്ടി വ്യക്തമാക്കി.