'യുവതിയെ ആത്മഹത്യ ചെയ്യിപ്പിച്ച് തെളിവ് ഇല്ലാതെയാക്കാന്‍ എല്‍ദോസിന്റെ നീക്കം'; സംരക്ഷിക്കുന്നത് കെ.പി.സി.സി എന്ന് ദേശാഭിമാനി എഡിറ്റോറിയല്‍

യുവതിയെ പീഡിപ്പിച്ചെന്ന കേസില്‍ പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിയെ സംരക്ഷിക്കുന്നത് കെപിസിസി നേതൃത്വവും പ്രതിപക്ഷ നേതാവുമാണെന്ന് ദേശാഭിമാനി എഡിറ്റോറിയല്‍. യുവതിയെ ആത്മഹത്യയിലെത്തിച്ച് തെളിവ് നശിപ്പിക്കുക എന്നതായിരുന്നു എംഎല്‍എയുടെയും സംഘത്തിന്റെയും ആസൂത്രിതനീക്കം.

പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടതുകൊണ്ടാണ്  ഇന്ന് ജീവനോടെയിരിക്കുന്നതെന്നും ദേശാഭിമാനി പറയുന്നു. പീഡനം തൊഴിലാക്കി കോണ്‍ഗ്രസ് നേതാക്കള്‍ എന്ന തലക്കെട്ടിലാണ് എഡിറ്റോറിയല്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ദേശാഭിമാനി എഡിറ്റോറിയല്‍ പ്രസക്തഭാഗങ്ങള്‍

കോണ്‍ഗ്രസ് നേതാവും പെരുമ്പാവൂര്‍ എംഎല്‍എയുമായ എല്‍ദോസ് കുന്നപ്പിള്ളിക്കെതിരെയുള്ള പരാതിയും വെളിപ്പെടുത്തലും ഗൗരവമേറിയ വിഷയമാണ്. സ്ത്രീകളുടെ സുരക്ഷിതത്വം ഉറപ്പുവരുത്താന്‍ ബാധ്യസ്ഥനായ എംഎല്‍എയാണ് അധ്യാപികയെ നിരന്തരമായി പീഡിപ്പിച്ചത്. ലൈംഗികമായി പീഡിപ്പിച്ചു എന്ന് മാത്രമല്ല, തുടര്‍ന്ന് ജീവിക്കാന്‍ അനുവദിക്കാത്ത വിധം പിന്തുടര്‍ന്ന് ഭീഷണിപ്പെടുത്തി മര്‍ദിക്കുകയും ചെയ്തു. പീഡനം സഹിക്കാന്‍ വയ്യാതെ വന്നപ്പോള്‍ പൊലീസില്‍ നല്‍കിയ പരാതി പിന്‍വലിക്കാന്‍ എംഎല്‍എയും മധ്യസ്ഥരും പണം വാഗ്ദാനംചെയ്തു. ഇതിന് വഴങ്ങാതെവന്നപ്പോള്‍ വീണ്ടും ഭീഷണിപ്പെടുത്തി.

തുടര്‍ച്ചയായ ഭീഷണി ഭയന്ന് യുവതി കന്യാകുമാരിയിലെത്തി ആത്മഹത്യക്ക് ശ്രമിച്ചു. പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടതുകൊണ്ടാണ് അധ്യാപിക ഇന്ന് ജീവനോടെയിരിക്കുന്നത്. യുവതിയെ ആത്മഹത്യയിലെത്തിച്ച് തെളിവ് നശിപ്പിക്കുക എന്നതായിരുന്നു എംഎല്‍എയുടെയും സംഘത്തിന്റെയും ആസൂത്രിതനീക്കം.സൗഹൃദം സ്ഥാപിച്ചശേഷം തുടര്‍ച്ചയായ മര്‍ദനവും പീഡനവും തുടര്‍ന്നുവെന്നാണ് യുവതി പറഞ്ഞിരിക്കുന്നത്. മദ്യലഹരിയില്‍ പലപ്പോഴും എംഎല്‍എ വീട്ടിലെത്തിയിരുന്നു.

മറ്റ് സ്ത്രീകളുമായുള്‍പ്പെടെ ബന്ധമുണ്ടെന്ന് മനസ്സിലാക്കി സൗഹൃദം വേണ്ടെന്നു വച്ചതിനുശേഷവും മദ്യപിച്ച് വീട്ടില്‍ അതിക്രമിച്ചുകയറി പീഡിപ്പിച്ചു. സെപ്തംബര്‍ 14ന് കാറില്‍ കോവളത്തേക്ക് കൊണ്ടുപോയി നാട്ടുകാരുടെ മുന്നില്‍ മര്‍ദിച്ചു. കെപിസിസി നേതൃത്വം ഒന്നടങ്കം അണിനിരന്ന രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ജോഡോ യാത്ര തിരുവനന്തപുരം ജില്ലയിലെ പര്യടനം പൂര്‍ത്തിയാക്കിയ ദിവസമായിരുന്നു സംഭവമെന്നതിനും ഏറെ പ്രാധാന്യമുണ്ട്. പൊലീസില്‍ പരാതി നല്‍കിയപ്പോള്‍ 30 ലക്ഷം രൂപ വാഗ്ദാനം ചെയ്തു.

പിന്നീട് വഞ്ചിയൂരിലെ അഭിഭാഷകന്റെ ഓഫീസില്‍ വിളിച്ചുവരുത്തി ഹണിട്രാപ്പില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി.ലൈംഗികപീഡന കേസില്‍ പ്രതിയായിട്ടും കെപിസിസി നേതൃത്വവും പ്രതിപക്ഷ നേതാവും എംഎല്‍എയെ സംരക്ഷിക്കുകയാണ്. പ്രതിപക്ഷ നേതാവിനെ വിശ്വാസമില്ലെന്നാണ് യുവതി തുറന്നടിച്ചത്. പാര്‍ടിതലത്തില്‍ എല്‍ദോസിനെതിരെ നടപടിയെടുത്തില്ലെന്ന് മാത്രമല്ല, കേസ് ഒത്തുതീര്‍പ്പാക്കാന്‍ ചില നേതാക്കള്‍ ഇടപെടുകയും ചെയ്തു.