കേന്ദ്രമന്ത്രി സുരേഷ് ഗോപി നിലപാട് വ്യക്തമാക്കണം; 'ജെഎസ്‌കെ- ജാനകി/സ്റ്റേറ്റ് ഓഫ് കേരള'യുടെ പ്രദര്‍ശനാനുമതി തടഞ്ഞത് ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ ലംഘനം; തുറന്നടിച്ച് ഡിവൈഫ്‌ഐ

പ്രവീണ്‍ നാരായണന്‍ സംവിധാനം ചെയ്ത ‘ജെഎസ്‌കെ- ജാനകി/സ്റ്റേറ്റ് ഓഫ് കേരള’യുടെ പ്രദര്‍ശനാനുമതി തടഞ്ഞ സെന്‍സര്‍ ബോര്‍ഡ് നടപടി പ്രതിഷേധാര്‍ഹവും ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ ലംഘനവുമാണെന്ന് ഡിവൈഎഫ്‌ഐ.

പ്രസ്തുത സിനിമയിലെ കഥാപാത്രമായ ‘ജാനകി’ എന്ന പേര് ടൈറ്റിലില്‍ നിന്നും കഥാപാത്രത്തിന്റെ പേരില്‍നിന്നും മാറ്റണമെന്ന ആവശ്യം മുന്‍നിര്‍ത്തിയാണ് ‘ജാനകി/സ്റ്റേറ്റ് ഓഫ് കേരള’യുടെ റിലീസ് ഇപ്പോള്‍ സെന്‍സര്‍ ബോര്‍ഡ് തടഞ്ഞിരിക്കുന്നത്. ജൂണ്‍ 27-ന് ആഗോള റിലീസായി തീയേറ്ററുകളില്‍ സിനിമ എത്താനിരിക്കുന്ന സമയത്താണ് സെന്‍സര്‍ ബോര്‍ഡ് ചിത്രത്തിന്റെ റിലീസ് തടഞ്ഞു വെച്ചിരിക്കുന്നത്. ജാനകി എന്ന പേര് പുരാണത്തിലെ സീതയുടെ പേരാണെന്ന കാര്യം പറഞ്ഞാണ് ചിത്രത്തിന്റെ പ്രദര്‍ശനാനുമതി നിഷേധിച്ചിരിക്കുന്നത്.

കലാസംസ്‌കാരിക മേഖലയിലെ ആവിഷ്‌കാര സ്വാതന്ത്ര്യത്തിനു മേലുള്ള നഗ്‌നമായ കടന്നു കയറ്റമാണ് സെന്‍സര്‍ ബോര്‍ഡ് നടത്തിയിട്ടുള്ളത്. ഈ സിനിമയില്‍ അഭിനയിച്ചിട്ടുള്ള കേന്ദ്രമന്ത്രി സുരേഷ് ഗോപി ഈ വിഷയത്തില്‍ അദ്ദേഹത്തിന്റെ നിലപാട് വ്യക്തമാക്കേണ്ടതുണ്ട്.
ഒരു കഥാപാത്രത്തിന്റെ പേര് പോലും ഉപയോഗിച്ച് തങ്ങളുടെ സങ്കുചിത രാഷ്ട്രീയ താല്‍പര്യം കുത്തിക്കയറ്റി ഇല്ലാത്ത വിഷയങ്ങള്‍ സൃഷ്ടിച്ച് സമൂഹത്തില്‍ ഭിന്നത ഉണ്ടാക്കുവാന്‍ വേണ്ടിയുള്ള ശ്രമമാണ് സെന്‍സര്‍ ബോര്‍ഡിലെ സംഘപരിവാര്‍ നോമിനികള്‍ ശ്രമിക്കുന്നത്.

Read more

ആവിഷ്‌കാര സ്വാതന്ത്ര്യത്തിനുമേല്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്ന സെന്‍സര്‍ ബോര്‍ഡിന്റെ സമീപനത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയരണമെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.