സംസ്ഥാനത്ത് ഡെങ്കിപ്പനി പടരുന്നു

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിതരുടെ എണ്ണത്തില്‍ വലിയ വര്‍ധന. നിലവില്‍ സംസ്ഥാനത്ത് പനി ബാധിച്ച് ചികിത്സ തേടുന്നവരില്‍ 20 ശതമാനത്തോളം പേര്‍ക്ക് ഡെങ്കിപ്പനിയാണെന്നാണ് കണക്ക്. ഇതിന് മുന്‍പ് 2017 ലാണ് കേരളത്തില്‍ ഡെങ്കിപ്പനി രൂക്ഷമായി പടര്‍ന്നു പിടിച്ചത്.

തിരുവനന്തപുരം ജില്ലയിലാണ് ഡെങ്കിപ്പനി ബാധിതരിലേറെയും. ആകെ കണക്കില്‍ 70 ശതമാനത്തോളം ജില്ലയിലാണ്. എറണാകുളം ജില്ലയില്‍ 143 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. 660 പേര്‍ ഡെങ്കിപ്പനി ലക്ഷണങ്ങളോടെ ചികിത്സ തേടിയിട്ടുണ്ട്. ഡെങ്കി വ്യാപനത്തില്‍ ജാഗ്രത വേണമെന്നും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കണമെന്നും ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശമുണ്ട്.

പെട്ടന്നുണ്ടാവുന്ന തീവ്രമായ പനി, കടുത്ത തലവേദന, പേശികളിലും സന്ധികളിലും വേദന, കണ്ണുകള്‍ക്ക് പിന്നിലെ വേദന, നെഞ്ചിലും മുഖത്തും ചുവന്ന തടിപ്പുകള്‍, ഓക്കാനവും ഛര്‍ദിയും എന്നിവയാണ് ഡെങ്കിയുടെ ലക്ഷണങ്ങള്‍.

എത്രയും വേഗം ചികിത്സ നല്‍കുകയാണ് പ്രധാനം.പനി കുറയുമ്പോള്‍ തുടര്‍ച്ചയായ ഛര്‍ദി, ഏതെങ്കിലും ശരീര ഭാഗത്ത് നിന്ന് രക്തസ്രാവം, കറുത്ത മലം, പെട്ടന്നുണ്ടാവുന്ന ശ്വാസംമുട്ട്, ശരീരം തണുത്ത് മരവിച്ച് പോവല്‍, കുട്ടികളില്‍ തുടര്‍ച്ചയായ കരച്ചില്‍ എന്നീ ലക്ഷണങ്ങള്‍ കണ്ടാല്‍ വളരെ പെട്ടന്ന് രോഗിക്ക് വിദഗ്ധ ചികിത്സ നല്‍കേണ്ടത് ആവശ്യമാണ്.