നിരക്ക് വര്‍ദ്ധന ആവശ്യം: സ്വകാര്യ ബസ്സുകള്‍ പണിമുടക്കിലേക്ക്

സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ നിരക്ക് കൂട്ടമെന്ന് ആവശ്യപ്പെട്ട് പണിമുടക്കിലേക്ക് നീങ്ങുന്നു. ഇത് സംബന്ധിച്ച സര്‍ക്കാര്‍ തീരുമാനം രണ്ട് ദിവസത്തിനുള്ളില്‍ ഉണ്ടായില്ലെങ്കില്‍ സമരത്തിലേക്ക് കടക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്‌സ് ഓര്‍ഗനൈസേഷന്‍ അറിയിച്ചു. മിനിമം ചാര്‍ജ് എട്ടില്‍ നിന്ന് പന്ത്രണ്ട് രൂപയായി ഉയര്‍ത്തണമെന്നാണ് ബസുടമകളുടെ ആവശ്യം.

ഗതാഗത മന്ത്രിയുമായി ഇക്കഴിഞ്ഞ നവംബറില്‍ ബസുടമകള്‍ ചര്‍ച്ച നടത്തിയിരുന്നു. മിനിമം ചാര്‍ജ് ഉയര്‍ത്താമെന്ന് ഉറപ്പ് നല്‍കി രണ്ട് മാസം കഴിഞ്ഞിട്ടും സര്‍ക്കാര്‍ തീരുമാനം ഉണ്ടായിട്ടില്ല. ഇതിന് പുറമേ ടാക്‌സ് ഇളവും സംഘടന ആവശ്യപ്പെട്ടിരുന്നു. സര്‍ക്കാര്‍ തീരുമാനം വൈകുന്നതോടെയാണ് അനിശ്ചിതകാല സമരത്തിലേക്ക് പോകാന്‍ തയ്യാറടുക്കുന്നത്. നേരത്തെ ഡിസംബറില്‍ സമരം പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്‍വലിച്ചിരുന്നു.

ഫെബ്രുവരി ആദ്യ ആഴ്ചയില്‍ ചേരുന്ന മന്ത്രിസഭ യോഗത്തില്‍ നിരക്ക് വര്‍ദ്ധനയുടെ കാര്യത്തില്‍ തീരുമാനം ആയില്ലെങ്കില്‍ ബസുടമകളുടെ സംഘടന യോഗം ചേര്‍ന്ന് സമര നടപടികള്‍ തീരുമാനിക്കും. നിലവില്‍ സംസ്ഥാനത്ത് ഏഴായിരത്തിയഞ്ഞൂറ് സ്വകാര്യ ബസുകളാണ് സര്‍വീസ് നടത്തുന്നത്.