പ്രതി പ്രബലന്‍, കോടതി വിധി അന്വേഷണസംഘത്തിന് വെല്ലുവിളി: ബാലചന്ദ്രകുമാര്‍

നടിയെ ആക്രമിച്ച് കേസില്‍ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച കോടതിവിധി അന്വേഷണ സംഘത്തിന് വെല്ലുവിളിയാണെന്ന് സംവിധായകന്‍ ബാലചന്ദ്രകുമാര്‍. പ്രതി പ്രബലനാണെന്നും വിധിയില്‍ തനിക്ക് ദുഃഖമോ സന്തോഷമോ ഇല്ലെന്നും കോടതിവിധിയെ സ്വാഗതം ചെയ്യുന്നെന്നും  ബാലചന്ദ്രകുമാര്‍ പറഞ്ഞു.

‘സത്യത്തില്‍ സന്തോഷിക്കേണ്ടത് ദിലീപല്ലേ. എനിക്ക് പ്രത്യേകിച്ച് സന്തോഷവും ഇല്ല ദുഃഖവും ഇല്ല. കേസില്‍ ജാമ്യം കിട്ടിയത് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് വെല്ലുവിളിയായിരിക്കും. കാരണം ശക്തനായ പ്രതി പുറത്ത് നില്‍ക്കുമ്പോള്‍ അത് അന്വേഷണത്തെ ബാധിക്കും എന്നതാണ് സാധാരണക്കാരന്‍ എന്ന നിലയില്‍ ഞാന്‍ മനസ്സിലാക്കുന്നത്. എന്റെ അടുത്ത നടപടികള്‍ എന്താണെന്ന് എനിക്കറിയില്ല. അന്വേഷണ ഉദ്യോഗസ്ഥരുടെ തീരുമാനങ്ങള്‍ക്കനുസരിച്ചായിരിക്കും സാക്ഷി എന്ന നിലയില്‍ മുമ്പോട്ടുള്ള നീക്കം’ ബാലചന്ദ്രകുമാര്‍ പറഞ്ഞു.

ജസ്റ്റിസ് പി. ഗോപിനാഥിന്റെ സിംഗിള്‍ ബെഞ്ചാണു വിധി പറഞ്ഞത്. നിലവിലെ സാഹചര്യത്തില്‍ ദിലീപിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ട ആവശ്യമില്ലെന്നു കോടതി വ്യക്തമാക്കി. ദിലീപിനൊപ്പം മറ്റ് അഞ്ച് പ്രതികള്‍ക്കും ജാമ്യം അനുവദിച്ചിട്ടുണ്ട്.

കര്‍ശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. ഉപാധികള്‍ ലംഘിച്ചാല്‍ അറസ്റ്റു ചെയ്യാമെന്നും കോടതി പറഞ്ഞു. ദിലീപ് പാസ്പോര്‍ട്ട് കോടതിയില്‍ ഹാജരാക്കണം. ഒരു ലക്ഷം രൂപയുടെ രണ്ട് ജാമ്യവും വേണമെന്ന് ഉപാധി.

ദിലീപിന്റെ മുന്‍ സുഹൃത്തും സംവിധായകനുമായ ബാലചന്ദ്രകുമാറിന്റെ മൊഴിയെ തുടര്‍ന്നു ക്രൈംബ്രാഞ്ച് റജിസ്റ്റര്‍ ചെയ്ത കേസില്‍ കഴിഞ്ഞ മാസം പത്തിനാണു ദിലീപ് അടക്കമുള്ളവര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്.