'മന്ത്രിമാരുടെ എണ്ണവും, കെപിസിസി പ്രസിഡന്റിനെയും പറയാൻ കത്തോലിക്കാസഭ ഉദ്ദേശിക്കുന്നില്ല'; അധികാരക്കൊതി പരിഹരിക്കാൻ പ്രാപ്‌തിയുള്ള ആരെയെങ്കിലും പ്രസിഡൻ്റാക്കിയാൽ നിങ്ങൾക്കു കൊള്ളാം', കോൺഗ്രസിനെതിരെ ദീപിക

കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി കത്തോലിക്കാ സഭ മുഖപത്രം ദീപിക. ‘അധ്യക്ഷന്റെ മതമല്ല, മതേതരത്വമാണ് മുഖ്യം’ എന്ന തലക്കെട്ടോടെയെഴുതിയ എഡിറ്റോറിയലിലാണ് വിമർശനം. പാർട്ടിയിലെ അന്തഃഛിദ്രങ്ങളും അധികാരക്കൊതിയും പരിഹരിക്കാൻ പ്രാപ്തിയുള്ളയാളെ അധ്യക്ഷനാക്കിയാൽ കോൺഗ്രസിന് കൊള്ളാമെന്ന് സഭ മുന്നറിയിപ്പ് നൽകുന്നു. കെപിസിസി അധ്യക്ഷ പദവിയിലേക്ക് പരിഗണിക്കേണ്ട പേരുകൾ കത്തോലിക്ക സഭ നിർദേശിച്ചെന്ന റിപ്പോർട്ടിനിടെയാണ് ദീപികയിലെ വിമർശനം.

‘നിങ്ങളുടെ പാർട്ടിയിലെ അന്തഃഛിദ്രങ്ങളും തീരാവ്യാധിയായ അധികാരക്കൊതിയും പരിഹരിക്കാൻ പ്രാപ്‌തിയുള്ള ആരെയെങ്കിലും പ്രസിഡൻ്റാക്കിയാൽ നിങ്ങൾക്കു കൊള്ളാം. ഒരു മതത്തിനുവേണ്ടിയുമല്ലാതെ ജാതി-മത ഭേദമെന്യേ എല്ലാവർക്കുംവേണ്ടി നിലകൊള്ളുക. ഏതായാലും, ഞങ്ങൾക്കിത്ര മന്ത്രി വേണം, കെപിസിസി പ്രസിഡന്റ് വേണം എന്നൊന്നും പറയാൻ കത്തോലിക്കാസഭ ഉദ്ദേശിക്കുന്നുണ്ടാവില്ല. സ്ഥാനമാനങ്ങളുടെ വീതംവയ്പിനേക്കാൾ, വിവേചനം കൂടാതെ നീതി വിതരണം ചെയ്യുന്നതിലാണ് കാര്യം. അതൊന്ന് ഉറപ്പാക്കിയാൽ മതി. അധ്യക്ഷൻ്റെ മതമല്ല, പാർട്ടിയുടെ മതേതരത്വമാണ് പ്രധാനം. മുഖ്യമന്ത്രി യുടെ പാർട്ടിമേധാവിത്വമല്ല, ഭരണഘടനാ വിധേയത്വമാണ് പ്രധാനം’- ദീപിക പാറയുന്നു.

‘മുഖ്യമന്ത്രി, കെപിസിസി പ്രസിഡൻ്റ് സ്ഥാനങ്ങൾ മാത്രമല്ല, ചെറിയ സ്ഥാനമാനങ്ങൾക്കും സ്റ്റേജിലൊരു ഇരിപ്പിടത്തിനുപോലും കോൺഗ്രസിലുണ്ടാകുന്ന തിക്കിത്തിരക്ക് എക്കാലവും പാർട്ടിയുടെ വില കെടുത്തിയിട്ടുള്ളതാണ്. അതിൽ പാർട്ടിക്ക് ഏറ്റവും ക്ഷീണമുണ്ടാക്കുന്നത് മുതിർന്ന നേതാക്കളാണെന്നതും കൗതുകകരമാണ്. കെപിസിസി നേതൃമാറ്റത്തിനുള്ള നീക്കങ്ങൾ ഹൈക്കമാൻഡ് വീണ്ടും സജീവമാക്കിയതോടെയാണ് ഇപ്പോഴത്തെ പൊട്ടിത്തെറികൾ’ എന്നും ദീപിക ആരോപിക്കുന്നു.

‘തിരഞ്ഞെടുപ്പ് പരാജയങ്ങളുടെ കാരണം സംഘടനാ ദൗർബല്യമാണെങ്കിൽ ശത്രു പുറത്തല്ല, അകത്താണ്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് അധികാരത്തിലെത്തുമെന്ന് കരുതുന്ന പാർട്ടി അണികളെ പാർട്ടി നേതാക്കൾ തന്നെ പരാജയപ്പെടുത്തരുത്. കേന്ദ്രത്തിലായാലും സംസ്ഥാനങ്ങളിലായാലും ഒരു പാർട്ടിയും അധികാരത്തിലെത്തുന്നത് അവരുടെ കഴിവുകൊണ്ടുമാത്രമല്ല, എതിരാളിയുടെ കഴിവുകേടുകൊണ്ടു കൂടിയാണ്. ബിജെപി രാജ്യമൊട്ടാകെ ആ സാധ്യത ഉപയോഗിച്ചു. കേരളത്തിൽ അടുത്ത തവണയും തങ്ങൾക്ക് അത് ഉപയോഗിക്കാനാകുമെന്നാണ് സിപിഐഎം ചിന്തിക്കുന്നത്. കോൺഗ്രസിലെ ചിന്ത പാർട്ടിയെന്ന നിലയിലല്ല, മറിച്ച് നേതാക്കൾ എന്ന നിലയിൽ ആണെന്നും’ ദീപിക ചൂണ്ടികാട്ടി.

Read more