'തീക്കൊള്ളികൊണ്ടാണ് തലചൊറിയുന്നത്, സജി ചെറിയാന്റെ വിടുവായത്തം തിരുത്താൻ മുഖ്യമന്ത്രി തയ്യാറായില്ല'; മന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി ദീപിക

പ്രധാനമന്ത്രിയുടെ ക്രിസ്മസ് വിരുന്നിൽ പങ്കെടുത്ത ബിഷപ്പുമാർക്കെതിരെ മന്ത്രി സജി ചെറിയാൻ നടത്തിയ പരാമർശത്തിൽ രൂക്ഷവിമർശനവുമായി ദീപിക ദിനപത്രം. ക്രൈസ്തവസഭാ മേലധ്യക്ഷന്മാരെ ആക്ഷേപിക്കാൻ എന്തും വിളിച്ചുപറയാൻ മടിയില്ലാത്ത മന്ത്രിമാർ അടക്കമുള്ള ഇടതുനേതാക്കളും മുഖ്യമന്ത്രിയും ഇതിന് ഒത്താശ ചെയ്യുന്നവരും തീക്കൊള്ളികൊണ്ടാണ് തലചൊറിയുന്നതെന്ന് ദീപിക മുഖപ്രസംഗത്തിൽ പറയുന്നു.

സഭാമേലധ്യക്ഷന്മാരെ വിമർശിക്കാൻ മന്ത്രിമാർ എന്തും വിളിച്ചു പറയുന്നു. സജി ചെറിയാന്റെ വിടുവായത്തം തിരുത്താൻ മുഖ്യമന്ത്രി തയ്യാറായില്ലെന്നും ദീപിക വിമർശിക്കുന്നു. നവകേരള സദസിൽ ബിഷപ്പുമാർ പങ്കെടുത്തപ്പോൾ സജി ചെറിയാന് രോമാഞ്ചമുണ്ടായതാണ്. ഈ സാഹചര്യത്തിലൊന്നും സജി ചെറിയാൻ ഇത്തരം പരാമർശങ്ങൾ നടത്താത്തത് എന്താണെന്നും മുഖപ്രസംഗം ചോദിച്ചു.

ക്രൈസ്തവർ എന്തുരാഷ്ട്രീയ നിലപാടുകൾ സ്വീകരിക്കണമെന്നതിന് ഇവരെപ്പോലെയുള്ളവരുടെ ഉപദേശം ആവശ്യമില്ല. തങ്ങൾ ചെയ്യുന്നത് ശരിയും മറ്റുള്ളവർ ചെയ്യുമ്പോൾ തെറ്റും എന്ന വിരോധാഭാസത്തെ രാഷ്ട്രീയ പ്രത്യശാസ്ത്രമായി കൊണ്ടുനടക്കുന്നവരിൽ നിന്ന് ഇതിനപ്പുറം പ്രതീക്ഷിക്കേണ്ടതില്ല. മന്ത്രിയുടെ ലജ്ജാകരമായ പ്രതികരണം അതുകൂടുതൽ വ്യക്തമാക്കുന്നു- മുഖപ്രസംഗത്തിൽ പറയുന്നു.

സജി ചെറിയാൻ വിളമ്പിയ മാലിന്യം ആസ്വദിച്ചു രോമാഞ്ചം കൊള്ളുന്നവരോടു പറയട്ടെ, കൊടിയ പീഡനങ്ങളും അവഹേളനങ്ങും ഒരുപാട് ഏറ്റുവാങ്ങിയിട്ടുള്ളവരാണ് ആഗോള ക്രൈസ്തവർ. അതിൽ കമ്മ്യൂണിസ്റ്റുകളുടെ സ്ഥാനം എവിടെയൊക്കെയെന്ന് ചരിത്രം വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ടെന്നും മുഖപ്രസംഗത്തിൽ പറയുന്നു.

ഇപ്പോൾ ക്രൈസ്തവർക്കുനേരെ നടത്തുന്ന ആക്ഷേപങ്ങൾ മറ്റേതെങ്കിലും സമുദായത്തെ പ്രീതിപ്പെടുത്തി വോട്ടുബാങ്ക് ഉറപ്പിക്കാനാണോ എന്ന് സംശയിക്കുന്നുവെന്നും മുഖപ്രസംഗത്തിൽ പറയുന്നു. പ്രധാനമന്ത്രിയായാലും മുഖ്യമന്ത്രിയായാലും ക്ഷണിക്കുന്ന പരിപാടികളിൽ പങ്കെടുക്കുക എന്നത് ക്രൈസ്തവ സഭാ നേതൃത്വം എക്കാലത്തും പുലർത്തിപ്പോരുന്ന മര്യാദയാണെന്നും നവകേരള സദസ്സിന്റെ ഭാഗമായി മുഖ്യമന്ത്രി സംഘടിപ്പിച്ച പ്രഭാതയോഗങ്ങളിൽ വിവിധ ക്രൈസ്തവ സഭകളുടെ മേലധ്യക്ഷന്മാർ പങ്കെടുത്തിരുന്നുവെന്നും മുഖപ്രസംഗത്തിൽ പറയുന്നു.

പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ സംഘടിപ്പിച്ച ക്രിസ്മസ് വിരുന്നിൽ ക്രൈസ്തവ മേലധ്യക്ഷന്മാർ പങ്കെടുത്തതിനെ മന്ത്രി സജി ചെറിയാൻ വിമർശിച്ചിരുന്നു. ബിജെപി വിരുന്നിന് ക്ഷണിച്ചപ്പോൾ ചില ബിഷപ്പുമാർക്ക് രോമാഞ്ചമുണ്ടായെന്നും മുന്തിരി വാറ്റിയ കേക്ക് കഴിച്ചപ്പോൾ മണിപ്പുർ വിഷയം മറന്നെന്നുമായിരുന്നു സജി ചെറിയാന്റെ പരാമർശം. ഇതിനെതിരേയാണ് ദീപിക രംഗത്തെത്തിയിരിക്കുന്നത്.